പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന നിലപാടിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ പുന്നല ശ്രീകുമാർ. ശബരിമല പുനപരിശോധന ഹര്‍ജികളില്‍ തീരുമാനം വരുന്നതു വരെ യുവതീ പ്രവേശനം വേണ്ടെന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടിനെതിരെയാണ് പുന്നല രംഗത്തെത്തിയിരിക്കുന്നത്. ഇത് സുപ്രീംകോടതിയില്‍ സർക്കാർ നല്കിയ സത്യവാങ്മൂലത്തിന് എതിരാണെന്നാണ് നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി കൂടിയായ പുന്നല ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നത്.
കോടതി ഉത്തരവുമായി ശബരിമല പ്രവേശനത്തിന് എത്തുന്ന യുവതികൾ വരട്ടേയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന്റെ നയവ്യതിയാനം നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടിയാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് പിണറായി വിജയന് സര്‍ക്കാർ കാട്ടുന്നതെന്നും പുന്നല ശ്രീകുമാര്‍ ആരോപിച്ചു.
സുപ്രീം കോടതിയിൽ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടെടുത്ത രാഷ്ട്രീയ നേതൃത്വമാണ് തൽക്കാലം യുവതികളെ ശബരിമലയിൽ കയറ്റേണ്ടതില്ലെന്ന നിലപാട് മാറ്റത്തിലേക്ക് എത്തുന്നത് . ഇത് നവോത്ഥാന മുന്നേറ്റത്തെ തടയുന്നതാണെന്നും പുന്നല പറഞ്ഞു. മറ്റ് ചില വിഭാഗങ്ങളെ കൂടെ നിര്‍ത്താനാണ് ഈ നിലപാട് മാറ്റമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.