തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളേജുകളിൽ പുതുതലമുറ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗി(സി.ഇ.ടി)ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇന്‍ഡസ്ട്രിയല്‍ ആന്റ് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
/sathyam/media/post_attachments/GFlQKTVuF8r7oNMZeEIi.jpg)
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക്സ് തുടങ്ങിയ നൂതന കോഴ്സുകൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രായോഗിക അറിവുകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു.
പരമ്പരാഗത കോഴ്സുകളിലെ ആപ്ലിക്കേഷൻ രീതികൾ മനസ്സിലാക്കാനും പ്രൊഡക്ഷൻ യൂണിറ്റുകൾ ആരംഭിച്ചുകൊണ്ട് തൊഴിൽ വൈദഗ്ധ്യം കൂട്ടാനുമുള്ള പദ്ധതികൾ വകുപ്പ് നടപ്പിലാക്കും.
സമൂഹത്തിന് ഉപകരിക്കുന്ന വിധം ടെക്നോളജി ഉപയോഗപ്പെടുത്തണമെന്നും സി.ഇ. ടി കോളേജിലെ പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ ഇൻഡസ്ട്രിയൽ കോളാബൊറേഷൻ മെച്ചപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വരുന്ന അദ്ധ്യയന വർഷം മുതൽ പരീക്ഷാ സമ്മർദ്ദം ഇല്ലാതെ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം നൽകുന്ന അധ്യാപനരീതികൾ അവലംബിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.