കാസർകോട് ആൾക്കൂട്ട മർദനത്തിൽ 48കാരന്റെ മരണം: യുവതി ചോദ്യം ചെയ്തതോടെ റഫീഖ് ഇറങ്ങിയോടി; ഒരു സംഘം പിന്നാലെയെത്തി മർദിച്ചു

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Sunday, January 24, 2021

കാസർകോട്: ‌‌നഗരത്തിൽ ആൾക്കൂട്ടത്തിന്റെ മർദനത്തിനിരയായ ചെരിപ്പ് മൊത്ത വ്യാപാരി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ടൗൺ പൊലീസ് കേസെടുത്തു. ചെമ്മനാട് ദേളിയിലെ താമസക്കാരനുമായ സി എച്ച് മുഹമ്മദ് റഫീഖ് (48) ആണ് മരിച്ചത്. മർദനമാണോ മരണ കാരണമെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണം കാരണം സംബന്ധിച്ച് വ്യക്തത വരൂ.

കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു റഫീഖിനെ ഒരു സംഘം മർദിച്ചത്. റഫീഖിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 1.45 നാണ് സംഭവം.

മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയ 35 കാരിയെ റഫീഖ് അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. യുവതി ചോദ്യം ചെയ്തതോടെ റഫീഖ് ആശുപത്രിയിൽ നിന്ന് ഇറങ്ങി പുറത്തേക്ക് ഓടി. യുവതി പുറത്തിറങ്ങി ബഹളം വച്ചതോടെ, ഇതുകേട്ട് റോഡരികിലുണ്ടായിരുന്ന ആളുകളിൽ ചിലർ റഫീഖിനെ കയ്യേറ്റം ചെയ്തു.

പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ഓടിയ റഫീഖിനെ ഒരു സംഘം പിന്തുടർന്ന് മർദിച്ചതായി ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പിടിച്ചു തള്ളുന്നത് സിസി ടിവി ദൃശ്യങ്ങളിൽ കാണാം. നിലത്ത് കുഴഞ്ഞു വീണുകിടന്ന റഫീഖിനെ ആംബുലൻസ് ഡ്രൈവർമാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മർദനമാണോ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ പറയാൻ കഴിയൂ എന്നു പൊലീസ് പറഞ്ഞു. മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഭയന്ന് ഓടിയപ്പോൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും സംശയിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊലപാതക വിവരമറിഞ്ഞ് കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി.

×