സന്തോഷങ്ങളില്‍ ഒന്നിച്ചവര്‍ മരണത്തിലും ഒന്നിച്ച്‌; രാഹുലിനും ഡയസിനും യാത്രയയപ്പ് നല്‍കി സഹപാഠികള്‍

New Update

publive-image

തിരുവനന്തപുരം: സന്തോഷ നിമിഷങ്ങള്‍ ഒന്നിച്ച്‌ ആഘോഷിച്ചിരുന്ന കൂട്ടുകാര്‍ മരണത്തിലും ഒന്നിച്ചുണ്ടായിരുന്നു. കോളജില്‍ നിന്ന് ബുധനാഴ്ച രാഹുലും ഡയസും ഒന്ന‍‍ിച്ചാണ് യാത്ര പുറപ്പെട്ടത്. ഒടുവില്‍ സഹപാഠികള്‍ക്കരികിലേക്ക് ഡയസിന്റെ ജീവനറ്റ ശരീരം എത്തിയപ്പോഴേക്കും അന്ത്യാഞ്ജലികളേറ്റു വാങ്ങി രാഹുലിനെ വഹിച്ചുള്ള ആംബുലന്‍സ് കോളജ് ക്യാംപസില്‍ നിന്നു പുറപ്പെടുകയായിരുന്നു. സഹപാഠികളുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യയാത്രാമൊഴിയേറ്റുവാങ്ങി വൈകാതെ ഡയസും പ്രിയപ്പെട്ട ക്യാംപസിനോടു വിടപറഞ്ഞു. ട്രിവാന്‍ഡ്രം കോളജ് ഓഫ് എന്‍ജിനീയറിങ് (സിഇടി) ക്യാംപസ് ആണ് വികാരഭരിതമായ രംഗങ്ങള്‍ക്കു സാക്ഷിയായത്.

Advertisment

ബുധനാഴ്ച വട്ടിയൂര്‍ക്കാവ് മൂന്നാമൂട് മേലേക്കടവിനു സമീപം കരമനയാറ്റില്‍ മുങ്ങി മരിച്ച സിഇടി ആറാം സെമസ്റ്റര്‍ ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി കെ.രാഹുല്‍ (21), സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ഡയസ് ജിജി ജേക്കബ് (22) എന്നിവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമാണ് കോളജ് ക്യാംപസിലേക്കെത്തിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ രാഹുലിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി കോളജിന്റെ പ്രധാന കെട്ടിടത്തിനു മുന്നിലെത്തി.

പുറത്തു പെയ്യുന്ന മഴ വകവയ്ക്കാതെ നൂറുകണക്കിനു സഹപാഠികള്‍ വരിവരിയായി അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. രണ്ടു മണിയോടെ രാഹുലിന്റെ മൃതദേഹം സ്വദേശമായ കോഴിക്കോട് ബാലുശേരിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ തുടങ്ങിയപ്പോഴേക്കും ഡയസിന്റെ മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് കോളജ് ക്യാംപസിനുള്ളിലെത്തി. ബുധനാഴ്ച കോളജില്‍ സമരമായതിനാല്‍ ആറു സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ പോയപ്പോള്‍ കാല്‍ വഴുതി ആറ്റില്‍ വീണ് ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നു.

രാഹുലിന്റെ സംസ്കാരം ഇന്ന് രാവിലെ 8.30 ന് ബാലുശേരി വട്ടോളി ഓണിപ്പറമ്ബില്‍ വീട്ടില്‍ നടന്നു. ഡയസിന്റെ മൃതദേഹം മൂവാറ്റുപുഴ ആവോലി തോട്ടുപുറത്തു വീട്ടില്‍ ശുശ്രൂഷയ്ക്കു ശേഷം ഉച്ചയ്ക്ക് രണ്ടിന് വാഴക്കുളം സെന്റ് ഫൊറോന ചര്‍ച്ച്‌ സെമിത്തേരിയില്‍ സംസ്കരിക്കും. കോഴിക്കോട് ബാലുശേരി എരമംഗലം അയ്യന്‍കുഴിയില്‍ കെ.ശ്രീനിവാസന്റെയും (റിട്ട.ഫീല്‍ഡ് ഓഫിസര്‍, മൃഗസംരക്ഷണ വകുപ്പ്) വാസന്തിയുടെയും മകനാണ് രാഹുല്‍. സഹോദരി : സൂര്യ. മൂവാറ്റുപുഴ ആനിക്കാട് സെന്റ് ആന്റണ‍ീസ് എല്‍പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ജിജി ജേക്കബിന്റെയും ലിസി ജോണിന്റെയും ഏക മകനാണ് ഡയസ് ജിജി ജേക്കബ്

Advertisment