ഡല്‍ഹി: പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങവേ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായി രാഹുല്‍ ഗാന്ധി ഇറ്റലിയിലേക്ക് പോകുന്നു. നാളെയാണ് രാഹുല്‍ ഇറ്റലിയിലേക്ക പോകുന്നത്. വ്യക്തിപരമായ ആവശ്യത്തിനാണ് രാഹുലിന്റെ യാത്രയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശദീകരണമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
/sathyam/media/post_attachments/RxHfA9WcCEArjoEajlwO.jpg)
എത്രദിവസത്തേക്കാണ്, എവിടേക്കാണ് രാഹുലിന്റെ യാത്രയെന്ന് വിശദീകരണമില്ല. എന്നാല്‍ യാത്ര വിവാദമാക്കേണ്ടില്ലെന്നും അദ്ദേഹം വ്യക്തിപരമായ യാത്രയാണ് നടത്തുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിട്ടിട്ടുണ്ട്.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചനകള്‍ക്ക് ഇടയിലാണ് രാഹുല്‍ ഇന്ത്യ വിടുന്നത്. ഇപ്പോള്‍ തന്നെ ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ എല്ലാവരും തുടങ്ങി കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ഇറ്റലി യാത്ര. ജനുവരി മൂന്നിന് പഞ്ചാബിലെ മോഗ ജില്ലയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കേണ്ടിയിരുന്ന റാലി റദ്ദാക്കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ഇറ്റലി യാത്രയുടെ സമയത്തുതന്നെ പഞ്ചാബില്‍ ബിജെപിയുടെ പ്രചാരണ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ജനുവരി അഞ്ച് മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ ബിജെപിയുടെ റാലികള്‍. രാഹുല്‍ ഗാന്ധിയുടെ ഇറ്റലി യാത്ര തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി ശ്രമിക്കുമെന്ന് ഉറപ്പാണ്.
നേരത്തെ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുമ്പായി രാഹുല്‍ ഗാന്ധി ഒരു മാസത്തോളം ഇറ്റലി സന്ദര്‍ശിച്ചിരുന്നു. ഇത് വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗോവയില്‍ പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥികളടക്കം പാര്‍ട്ടി വിടുന്നതടക്കമുള്ള പ്രതിസന്ധികളിലാണ് കോണ്‍ഗ്രസ്.
അതിനിടെയാണ് തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കേണ്ടയാള്‍ തന്നെ വിദേശത്തേക്ക് പറക്കുന്നത്.