അനധികൃത കുടിയേറ്റക്കാര്‍ നിങ്ങളുടെ ബന്ധുക്കളാണോ ? രാഹുല്‍ഗാന്ധിയോട് അമിത് ഷാ ! 2024 നു മുന്‍പ് കുടിയേറ്റക്കാര്‍ പുറത്താക്കപ്പെടുമെന്നും ആഭ്യന്തര മന്ത്രി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, December 2, 2019

റാഞ്ചി∙ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതില്‍ രാഹുല്‍ഗാന്ധിക്ക് എന്താണ് ഇത്ര വിഷമം എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ‘രാഹുൽ ബാബ പറയുന്നത് അവരെ പുറത്താക്കരുതെന്നാണ്. അവരെവിടെ പോകും ? എന്തു ചെയ്യും ? എന്നൊക്കെയാണ് ചോദിക്കുന്നത്.

എന്താ അവർ നിങ്ങളുടെ ബന്ധുക്കളാണോ? ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു, 2024 തിരഞ്ഞെടുപ്പിനു മുൻപ് പൗരത്വ റജിസ്റ്റർ രാജ്യത്ത് എല്ലായിടത്തും നിലവിൽ വരും. അനധികൃതമായി കുടിയേറിയ ഒരോ വ്യക്തിയും രാജ്യത്തു നിന്നു പുറത്താക്കപ്പെടുകയും ചെയ്യും’– അമിത് ഷാ പറഞ്ഞു. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം.

2024 നകം അനധികൃത കുടിയേറ്റക്കാരെ രാജ്യത്തുനിന്നു പുറത്താക്കുമെന്ന് അമിതാ ഷാ ആവര്‍ത്തിച്ചു. അസമിൽ പൗരത്വ റജിസ്റ്ററിൽ പേരില്ലാത്തതിനാൽ പുറത്താക്കപ്പെട്ടവരോട് രാഹുൽ ഗാന്ധിക്ക് എന്തിനാണ് ഇത്ര മമതയെന്നും ഷാ ചോദിച്ചു.

ഓഗസ്റ്റ് 31 നാണ് 19 ലക്ഷത്തോളം ആളുകളെ ഒഴിവാക്കി അസമിൽ പൗരത്വ റജിസ്റ്റർ പ്രസിദ്ധീകരിക്കുന്നത്. നിയമപരമായി പൗരാവകാശം ഉള്ളവരെ തിരിച്ചറിയാനായി സുപ്രീം കോടതി നിർദേശപ്രകാരമാണ് പൗരത്വ റജിസ്റ്റർ നിലവിൽ വന്നത്.

പൗരത്വ റജിസ്റ്ററിൽ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്ക് തെളിവുകള്‍ നിരത്തി അപ്പീലുകൾ നൽകാൻ നാലു മാസത്തെ സമയവും കോടതി അനുവദിച്ചിരുന്നു.

×