കീഴൂർക്കുന്നിലെ അപ്‌സര കഫേ 1980 ബേക്കറി ആൻഡ് സ്‌നാക്‌സ് സെന്ററിൽ അപ്രതീക്ഷിത അതിഥി; മേശമേൽ നിരന്ന് ചിക്കൻ സ്ട്രിപ്‌സ്, കുക്കീസ്, പൊട്ടറ്റോ ചിപ്‌സ് തുടങ്ങിയ വിഭവങ്ങൾ; എല്ലാം രുചിച്ച് നോക്കി രാഹുൽ !

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, April 4, 2021

ഇരിട്ടി: കീഴൂർക്കുന്നിലെ അപ്‌സര കഫേ 1980 ബേക്കറി ആൻഡ് സ്‌നാക്‌സ് സെന്ററിൽ അപ്രതീക്ഷിത അതിഥിയായി രാഹുൽ ഗാന്ധി. ഇരിട്ടി നഗരത്തിലെ പ്രചാരണ പരിപാടി കഴിഞ്ഞു ഹെലികോപ്റ്ററിൽ കയറാനായി എംജി കോളജ് മൈതാനത്തേക്കു നീങ്ങിയപ്പോഴാണു രാഹുൽ ബേക്കറിയിലെത്തിയത്. രാഹുൽ ഗാന്ധിയെ കണ്ട് തൊഴിലാളികളും കഫേയിലുള്ളവരും വിസ്മയഭരിതരായി. എല്ലാവരോടും കുശലാന്വേഷണം നടത്തി രാഹുൽ ഗാന്ധി ഇരുന്നു.

സമീപം കെ.സി.വേണുഗോപാലും സണ്ണി ജോസഫും. ഉടമ കെ.വി.മായനും മകൻ പി.ഷാഹിദുമെത്തി. കോഫി, കോക്ക്‌ടെയിൽ, റെഡ് വെൽവെറ്റ് ഐസ് ക്രീം, ചിക്കൻ സ്ട്രിപ്‌സ്, കുക്കീസ്, പൊട്ടറ്റോ ചിപ്‌സ് തുടങ്ങിയ വിഭവങ്ങൾ മേശമേൽ നിരന്നു.

എല്ലാം രുചിച്ച് നോക്കിയ രാഹുൽ സണ്ണി ജോസഫിനും കെ.സി.വേണുഗോപാലിനും എടുത്തു നൽകുകയും ചെയ്തു. എല്ലാത്തിനും മികച്ച സ്വാദാണെന്നു പറഞ്ഞ രാഹുൽ ഉടമയോടു ബേക്കറി വ്യവസായത്തെപ്പറ്റി തിരക്കി. അര മണിക്കൂറോളം കഫേയിൽ ചെലവഴിച്ചു.

×