‘‘മോളേ, ഇത്രയും കുഞ്ഞായ നീ എന്റെ ചിത്രം ഒറ്റയ്ക്കു വരച്ചതാണോ?’’; ആറാംക്ലാസുകാരിയോട് അദ്ഭുതത്തോടെ രാഹുല്‍ ഗാന്ധി

ന്യൂസ് ബ്യൂറോ, വയനാട്
Friday, April 2, 2021

കൂടരഞ്ഞി: ‘‘മോളേ, ഇത്രയും കുഞ്ഞായ നീ എന്റെ ചിത്രം ഒറ്റയ്ക്കു വരച്ചതാണോ?’’ അദ്ഭുതം കൂറിയ രാഹുൽഗാന്ധി ഫാത്തിമ ലുലുവിനോടു ചോദിച്ചു. അതെയെന്ന ഉത്തരം കേട്ടപ്പോൾ അവളെ ചേർത്തുപിടിച്ചു നന്ദി പറഞ്ഞു.

പിന്നെ ലുലു വരച്ച തന്റെ ചിത്രം വാങ്ങിയ ശേഷം അവളെ ആശംസകളുമറിയിച്ചു. തന്റെ പ്രിയപ്പെട്ട നേതാവിനെ അടുത്തുകണ്ടതിന്റെ ആവേശത്തിലായിരുന്നു ചിത്രകാരി ആറാംക്ലാസുകാരി ഫാത്തിമ ലുലു. പിതാവ് അബ്ദുൽ റഷീദ് അൽകാസിമിക്കൊപ്പമാണ് ലുലു കൂടരഞ്ഞിയിലെ സമ്മേളന വേദിയിലെത്തിയത്.

രാഹുൽ വേദിയിലെത്തിയപ്പോൾ ലുലു, താൻ വരച്ച രാഹുലിന്റെ ചിത്രം ഉയർത്തിക്കാണിച്ചു. അതുകണ്ട് രാഹുൽ പുഞ്ചിരിക്കുകയും ചെയ്തു. പ്രസംഗം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴാണ് ഫാത്തിമലുലുവിന്റെ അടുത്തെത്തിയ രാഹുൽ ചിത്രം ഏറ്റുവാങ്ങിയത്.

തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിലെ അധ്യാപകനായ റഷീദിന്റെയും സൽമയുടെയും മകളാണ് ഫാത്തിമ ലുലു. ബാലരമയുടെ ചിത്രരചനാമത്സരമടക്കം അനേകം മത്സരങ്ങളിൽ സമ്മാനം നേടിയ ലുലു കാലിഗ്രഫിയിലും മിടുക്കിയാണ്. സഹോദരങ്ങളായ ആദില ഹുദയും അഫീൽ മുഹമ്മദും ഇഷ മറിയവുമടങ്ങുന്നതാണ് ലുലുവിന്റെ കുടുംബം.

×