‘‘ഇവിടെ ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് സംബന്ധിച്ച് യുഎസില്‍ നിന്നും ഞാനൊന്നും കേള്‍ക്കുന്നില്ല. നിങ്ങള്‍ ജനാധിപത്യത്തിലെ പങ്കാളിത്തത്തെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ ഇവിടെ നടക്കുന്നതെന്താണ് സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? രാഹുല്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 4, 2021

ഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്ക എന്തു കൊണ്ട് മൗനം പാലിക്കുന്നെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. ലോകത്തിലെ ജനാധിപത്യ ആശയം എന്ന വിഷയം സംബന്ധിച്ച് മുന്‍ യുഎസ് അംബാസിഡറും ഹാര്‍ഡ്‌വാര്‍ഡ് കെന്നഡി സ്‌കൂള്‍ പ്രൊഫസറുമായ നിക്കോളാസ് ബേര്‍ണ്‍സുമായി നടത്തിയ ചര്‍ച്ചയിലാണ് രാഹുലിന്റെ പരാമര്‍ശം. ചൈനയുടെയും റഷ്യയുടെയും കടുത്ത ആശയങ്ങള്‍ക്കെതിരെയുള്ള അമേരിക്കന്‍ ജനാധിപത്യ ആശയത്തെക്കുറിച്ച് നിക്കോളാസ് ബേര്‍ണ്‍സ് സംസാരിക്കവെയാണ് രാഹുല്‍ ഇടപെട്ടത്.

‘ഇവിടെ ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് സംബന്ധിച്ച് യുഎസില്‍ നിന്നും ഞാനൊന്നും കേള്‍ക്കുന്നില്ല. നിങ്ങള്‍ ജനാധിപത്യത്തിലെ പങ്കാളിത്തത്തെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ ഇവിടെ നടക്കുന്നതെന്താണ് സംബന്ധിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? സ്വാതന്ത്ര്യത്തെ നിങ്ങളുടെ ഭരണ ഘടനയില്‍ ചേര്‍ത്തിരിക്കുന്ന രീതിയില്‍ അമേരിക്ക അഗാധമായ ഒരു ആശയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ നിങ്ങള്‍ ആ ആശയത്തെ കാക്കേണ്ടതുണ്ട്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ന്യായമായ രാഷ്ട്രീയ പോരാട്ടം നടക്കേണ്ടിടത്ത് കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് വ്യവസ്ഥാപിതമായ രീതിയില്‍ അട്ടിമറിക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

‘ തെരഞ്ഞെടുപ്പിനെ നേരിടണമെങ്കില്‍ സ്ഥാപനഘടന ആവശ്യമാണ്. എന്നെ സംരക്ഷിക്കാന്‍ നീതി ന്യായ വ്യവസ്ഥ ഉണ്ടാവണം. ന്യായമായ സ്വാതന്ത്ര്യത്തോടെയുള്ള മാധ്യമങ്ങള്‍ ആവശ്യമാണ്. സാമ്പത്തിക തുല്യത ആവശ്യമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന സ്ഥാപന ഘടനകള്‍ ആവശ്യമാണ്. ഇവിടെ എനിക്ക് അതില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ രാജ്യത്ത് തൊഴിലവസരം വര്‍ധിപ്പിക്കുമെന്നും രാജ്യവളര്‍ച്ച മുന്നില്‍ കണ്ടുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

×