വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങൾ തുടരുന്നതിനിടയിൽ പ്രധാന രാഷ്ട്രീയ പാർട്ടിയായ കോൺഗ്രസും ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി മുന്നണി ചർച്ചകളും സീറ്റ് വിഭജന ആലോചനകളും പുരോഗമിക്കുകയാണ്. കേരള സന്ദർശനത്തിനെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുകയും ചർച്ചകളുടെ ഭാഗമാകുകയും ചെയ്തു.
/sathyam/media/post_attachments/oaRMUmo7W5kNT5ZXOWct.jpg)
ഇതിനിടെ വയനാട്ടില്‍ ഇൻകാസ് ഖത്തര്‍ ചാപ്റ്റര്‍ നിര്‍മ്മിച്ച 12 വീടുകള്‍ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ മറ്റൊരു സ്‌നേഹപൂര്‍ണമായ നടപടിയാണ് ശ്രദ്ധേയമാകുന്നത്.
നാട്ടുകാരെ ഒന്നടങ്കം അമ്പരപ്പിച്ച സംഭവം ഇങ്ങനെ
തന്റെ മകളുടെ വീടിനു മുന്നിലൂടെ പോവുകയായിരുന്ന രാഹുൽ ഗാന്ധിയെ കണ്ടപ്പോൾ വീടിനു മുന്നിലൂടെ പോകുന്ന അടുത്ത കുടുംബത്തിൽപ്പെട്ട ഒരാളോടെന്ന പോലെ " വന്ന് ചായ കുടിച്ചിട്ട് പോകാം." എന്ന് ആയിഷുമ്മ രാഹുൽ ഗാന്ധിയോട് പറയുന്നു. "ചായ അടുപ്പത്ത് വച്ചോളൂ. ഞാനിപ്പോ വരാം." എന്ന രീതിയിൽ രാഹുൽ ഹൃദ്യമായ പുഞ്ചിരിയോടെ ആയുഷുമ്മയോട് മറുപടി പറഞ്ഞു.
രാഹുൽ ധൃതി പിടിച്ച് പോവുകയും ചെയ്തു. ബഡ്ക്കൽ മുസ്ലിം ജമാഅത്ത് സംഭാവന ചെയ്ത കൂളിവയലിലെ ഭൂമിയിൽ ഇൻകാസ് ഖത്തർ ചാപ്റ്റർ നിർമ്മിച്ച 12 വീടുകൾ എല്ലാം നടന്നു കണ്ട ശേഷം തിരിച്ച് നടന്ന രാഹുൽ ഗാന്ധി നേരെ ആയിഷുമ്മയുടെ വീട്ടിലേക്ക് വന്നു.
"ചായ റെഡിയായോ" എന്നും ചോദിച്ച് വീട്ടിൽ കയറുന്നു. അമ്പരന്ന് ആയിഷുമ്മയും വീട്ടുകാരും. ആയിഷുമ്മയുടെ ചായയും കുടിച്ച് വയനാടൻ പെട്ടിയപ്പവും കഴിച്ച രാഹുൽ ഗാന്ധി ആയിഷുമ്മയുടെ കാലിൽ തൊട്ട് നോക്കി അസുഖ വിവരം ആരാഞ്ഞത് കണ്ടപ്പോൾ കണ്ട് നിന്നവർ ആ മനുഷ്യന്റെ സ്നേഹാർദ്ര മനസ്സിനു മുന്നിൽ അമ്പരപ്പോടെ നിന്നു.
പടിയിറങ്ങുമ്പോൾ വീടിന്റെ ഉമ്മറപ്പടിയിൽ നിന്ന് ആയിഷുമ്മ രാഹുല്‍ഗാന്ധിയെ അനുഗ്രഹിച്ച് യാത്രയാക്കി.