മത്സ്യത്തൊഴിലാളികളെ കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ! മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്ന പ്രകടന പത്രിക; ഡല്‍ഹിയില്‍ പ്രത്യേക മന്ത്രാലയം. വാടി കടപ്പുറത്തുനിന്നും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര ചെയ്ത് രാഹുല്‍ ! ആഴക്കടല്‍ മത്സ്യബന്ധന വിവാദം പ്രധാന ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ്. അടുത്ത മാസം മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും തീരദേശത്ത് രാഹുലിന്റെ സംവാദം !

ന്യൂസ് ബ്യൂറോ, കൊല്ലം
Wednesday, February 24, 2021

കൊല്ലം: മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമാക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലങ്ങളില്‍ ഇതുവഴി ചലനമുണ്ടാക്കാമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ആഴക്കടല്‍ മത്സ്യബന്ധന വിവാദവും സജീവമായ ചര്‍ച്ചയാക്കി മാറ്റും.

ഇതിന്റെയൊക്കെ ഭാഗമായിരുന്നു രാഹുലിന്റെ കടല്‍ യാത്രയും. ഇന്നു രാവിലെ കൊല്ലത്തെ വാടി കടപ്പുറത്ത് നിന്നും തൊഴിലാളികള്‍ക്കൊപ്പം അവരുടെ മത്സ്യ ബന്ധന ബോട്ടിലാണ് രാഹുല്‍ യാത്ര ആരംഭിച്ചത്. ഏകദേശം രണ്ട് മണിക്കൂറോേളം രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം കടലില്‍ ചിലവഴിച്ചു.

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ കടല്‍ യാത്രയിലൂടെ സാധിച്ചെന്ന് രാഹുല്‍ പറഞ്ഞു. തുടര്‍ന്ന് തങ്കശേരി കടപ്പുറത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം സംവാദത്തിലും രാഹുല്‍ പങ്കെടുത്തു. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേകം വകുപ്പ് രൂപീകരിക്കും എന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളാണ് രാഹുല്‍ നല്‍കിയത്.

മത്സ്യത്തൊഴിലാളികളെ നശിപ്പിക്കാനുള്ള ട്രോളര്‍ വാങ്ങാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അതിനെകുറിച്ച് പഠിക്കുമെന്നും എല്ലാവര്‍ക്കും തുല്യമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാവണമെന്നും രാഹുല്‍ പറഞ്ഞു. ദൈനംദിന ഇന്ധനവില വര്‍ധനവിലൂടെ സര്‍ക്കാര്‍ നിങ്ങളുടെ പോക്കറ്റില്‍ നിന്നുള്ള പണം രണ്ടോ മൂന്നോ വ്യവസായികള്‍ക്ക് നല്‍കുകയാണ്. അത് നിങ്ങളുടെ കൈയ്യില്‍ തിരിച്ചുവരുന്നതിനായി പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ പരിഗണിക്കുന്ന പ്രകടനപത്രിക തയ്യാറാക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കി. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കം വിജയകരമായി എന്നു തന്നെയാണ് ഇതു നല്‍കുന്ന പ്രാഥമിക സൂചനകള്‍. സര്‍ക്കാരിന്റെ നിലപാടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എതിരാണെന്ന സന്ദേശം ഇവര്‍ക്കിടയില്‍ നല്‍കാനും രാഹുലിന്റെ സന്ദര്‍ശനത്തിലൂടെ കഴിഞ്ഞു.

ഏതുവിഷയവും വൈകാരികമായി തന്നെ സ്വീകരിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. അവരെ വഞ്ചിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന വികാരം അവര്‍ക്കുണ്ട്. അതു പരമാവധി മുതലെടുക്കാനും കോണ്‍ഗ്രസ് ശ്രമിക്കും.

യുഡിഎഫിന്റെ രണ്ടു ജാഥകളിലൂടെ പറയാന്‍ പോകുന്നതും ഇതു തന്നെയാണ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും അടുത്തയാഴ്ച തീരദേശമേഖലകളില്‍ രാഹുല്‍ വീണ്ടുമെത്തും.

 

 

 

×