വയനാട്ടിലെ മഴക്കെടുതി: പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധിയുടെ കത്ത്‌

ന്യൂസ് ബ്യൂറോ, വയനാട്
Tuesday, August 13, 2019

വയനാട്: വയനാട്ടിലെ മഴക്കെടുതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വയനാട് എംപി രാഹുൽ ഗാന്ധി കത്തയച്ചു. പ്രളയാനന്തര പുനർനിർമാണ പ്രവര്‍ത്തനങ്ങള്‍ക്കും പുനരധിവാസത്തിനുമായി പ്രത്യേക പാക്കേജ് വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

ഉരുൾപൊട്ടലുണ്ടായ മേഖലകളിൽ മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കിൽ നിരവധി ജീവൻ രക്ഷിക്കാമായിരുന്നു. വന നശീകരണവും പശ്ചിമഘട്ടത്തിലെ ഖനനവും ദുരന്തത്തിന്റെ ആഘാതം കൂട്ടി. ദുരന്തം ആവർത്തിക്കാതിരിക്കാൻ ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്കരിക്കണമെന്നും ദുരന്തബാധിത മേഖലകൾക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി കത്തില്‍ ആവശ്യപ്പെട്ടു.

രണ്ട് ദിവസങ്ങളിലായി വയനാട്ടിലെയും മലപ്പുറത്തെയും പ്രളയബാധിതമേഖലകളില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയിരുന്നു. രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പും രാഹുല്‍ ഗാന്ധി വിലയിരുത്തി. ദുരന്തബാധിതര്‍ക്ക് അര്‍ഹമായ എല്ലാവിധ നഷ്ടപരിഹാരവും നേടി നല്‍കുമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കി. ഇതിനായി കേന്ദ്രത്തില്‍ സമ്മർദം ചെലുത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചത്.

×