ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള അധികധാന്യം ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ തീരുമാനത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാവങ്ങളുടെ അന്നം ഉപയോഗിച്ച് സമ്പന്നരുടെ കൈകള്‍ ശുചീകരിക്കുകയാണു കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് രാഹുല്‍ വിമര്‍ശിച്ചു.
/sathyam/media/post_attachments/xddAneY0R46RBFIdxKux.jpg)
എപ്പോഴാണ് ഇന്ത്യയിലെ പാവങ്ങള്‍ ഉണരുക. നിങ്ങളിവിടെ വിശപ്പുകൊണ്ട് മരിക്കുന്പോള്‍ അവര്‍ നിങ്ങള്‍ക്കുള്ള അരിയെടുത്ത് സന്പന്നര്‍ക്കായി ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കുകയാണ്- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ കൈവശം അധികമുള്ള ധാന്യം ഉപയോഗിച്ച് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ പെട്രോളിയം മന്ത്രാലയം തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മാണത്തിലെ പ്രധാന അസംസ്കൃത വസ്തുവായ എഥനോള്‍ നിര്മിക്കുന്നതിനായാണ് എഫ്സിഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന അധികധാന്യം ഉപയോഗിക്കുക.
പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ ബയോഫ്യൂവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണു തീരുമാനം കൈക്കൊണ്ടതെന്ന് ബയോഫ്യൂവല്‍ സംബന്ധിച്ച ദേശീയനയം ചൂണ്ടിക്കാട്ടി മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് നിരവധി ആളുകള്‍ പട്ടിണിയില്‍ വീര്പ്പുമുട്ടുന്പോഴാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുന്നത്. ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ഡല്‍ഹിയില്‍തന്നെ നിരവധിപേര്‍ പട്ടിണിയിലാണ്. അരിയും ഗോതന്പും ഉള്‍പ്പെടെ രാജ്യത്ത് ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ പക്കല്‍ 58.59 മില്ല്യണ്‍ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നാണ് കണക്കുകള്‍.