ന്യൂഡല്‍ഹി: തൊഴിലില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി യുവാക്കളുടെ ദണ്ഡ കൊണ്ടുള്ള അടി ഏല്‍ക്കേണ്ടിവരുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.
ആറുമാസവും കൂടുതല്‍ സൂര്യനമസ്‌കാരം ചെയ്ത് പ്രഹരം ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കുമെന്നാണ് മോഡി പറഞ്ഞത്. നയപ്രഖ്യാപന നന്ദിപ്രമേയ ചര്‍ച്ചക്കുള്ള മറുപടിയിലാണ് മോഡിയുടെ വാക്കുകള്‍.
'കഴിഞ്ഞ ദിവസമാണ് രാഹുല്‍ മോഡിയെ യുവാക്കള്‍ 'ദണ്ഡ' കൊണ്ട് അടിക്കുമെന്ന് പറഞ്ഞത്. ആ ആറുമാസം ഞാന്‍ കൂടുതല്‍ സൂര്യനമസ്‌കാരം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നിട്ട് അവരുടെ പ്രഹരങ്ങള്‍ ഏറ്റുവാങ്ങാന്‍ എന്റെ ശരീരത്തെ കരുത്തുള്ളതാക്കും-' മോഡി പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മോഡി സഭയില്‍ നടത്തിയത്. ചിലര്‍ രാജ്യം വെട്ടി മുറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം പിന്നില്‍ നിന്ന് അക്രമസമരങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും മോഡി വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് സംസാരിച്ച മോഡി രാജ്യത്തെ മുസ്ലിങ്ങളെ ഭയപ്പെടുത്താനാണ് പാകിസ്ഥാന്‍ എപ്പോഴും ശ്രമിച്ചതെന്നും പാകിസ്ഥാന്റെ ഭാഷയിലാണ് ചിലര്‍ സംസാരിക്കുന്നതെന്നും കുറ്റപ്പെടുത്തി. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒപ്പം നിന്ന് പ്രതിപക്ഷം ഫോട്ടോ എടുക്കുകയാണെന്നും മോഡി കുറ്റപ്പെടുത്തി.