ഡല്‍ഹി: കെപിസിസിയുടെ ജംബോ ഭാരവാഹി പട്ടിക വെട്ടിക്കുറയ്ക്കാന്‍ ഹൈക്കമാന്‍ഡിന്റെ അനുമതി. ഭാരവാഹികളുടെ എണ്ണം 51 ആക്കി നിജപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി അനുവാദം നല്‍കി. എണ്ണമല്ല മറിച്ച് കാര്യക്ഷമതയാണ് പ്രധാനമെന്നാണ് ഹൈക്കമാന്‍ഡിന്റെയും വിലയിരുത്തല്‍.
ഇന്നലെ രാത്രി നടന്ന ചര്‍ച്ചയിലാണ് സുധാകരന് ഇക്കാര്യങ്ങളില്‍ രാഹുല്‍ അനുവാദം നല്‍കിയത്. രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടവിധം പ്രവര്‍ത്തകരെ പഠിപ്പിക്കാനുള്ള രാഷ്ട്രീയവിദ്യാലയം തുടങ്ങാനും സുധാകരന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുവാദം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനും പുനസംഘടനയുമായും ബന്ധപ്പെട്ട് രാഷ്ട്രീയകാര്യസമിതിയുള്‍പ്പെടെ നിര്‍ദേശിച്ച കാര്യങ്ങളാണ് ചര്‍ച്ചയില്‍ സുധാകരന്‍ രാഹുലിന്റെ മുന്നില്‍ അവതരിപ്പിച്ചത്. പുതിയ ആശയങ്ങളെ മികച്ചതെന്ന് രാഹുല്‍ വിലയിരുത്തി. കോണ്‍ഗ്രസ് ബൂത്തുകള്‍ അയല്‍ക്കൂട്ട അടിസ്ഥാനത്തില്‍ തുടങ്ങുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് സുധാകരന്‍ മുന്നോട്ടുവെച്ചത്.
രാഷ്ട്രീയവിദ്യാലയം തുടങ്ങാനുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് എഐസിസി നേതാവ് സച്ചിന്‍ റാവുവിനെയും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. കഴിവിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും ഭാരവാഹികളെ തിരഞ്ഞെടുക്കുകയെന്ന് രാഹുലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സുധാകരന്‍ പറഞ്ഞു. ജില്ലാതല പുനസംഘടന ഒരുമാസത്തിനുള്ളില്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സുധാകരന്റെ 51 അംഗ കെപിസിസി എക്‌സിക്യുട്ടീവ് എന്ന നിര്‍ദേശം അട്ടിമറിക്കാന്‍ ഗ്രൂപ്പു നേതാക്കള്‍ നീക്കം നടത്തിയിരുന്നു. പുനസംഘടനയില്‍ ഗ്രൂപ്പു പ്രാതിനിധ്യമില്ലാതെ അംഗീകരിക്കാനാവില്ലെന്ന നിലപാട് ചില ഗ്രൂപ്പു മാനേജര്‍മാര്‍ സ്വീകരിച്ചത്. രാഹുലിന്റെ നിലപാടോടെ അതും പൊളിയും.
അതേസമയം, പുതിയ യുഡിഎഫ് കണ്‍വീനര്‍ നിയമനം വൈകും. മാറിയ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തില്‍ പുതിയ കണ്‍വീനറെ തെരഞ്ഞെടുക്കുന്നത് സൂക്ഷിച്ചു മതിയെന്നാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം.