ദാദയുടെ വിക്കറ്റെടുത്തപ്പോൾ ആവേശം അതിരു കയറി, ബോളിങ്ങറുടെ മുടി പിടിച്ചുവലിച്ചു, വി​ഗ് ഊരി താഴെ വീണു!

സ്പോര്‍ട്സ് ഡസ്ക്
Thursday, May 28, 2020

ഒരു വിക്കറ്റ് വീഴുമ്പോൾ മറ്റാരെക്കാളും ആവേശത്തിൽ ബോളറുടെ അടുത്തെത്തി ആഹ്ലാദപ്രകടനം നടത്തുന്ന താരങ്ങളിൽ മുൻ പന്തിയിലാണ് സുരേഷ് റെയ്നയുടെ സ്ഥാനം. റെയ്നയുടെ ആവേശം ചിലപ്പോൾ വിക്കറ്റെടുത്ത ബോളറേക്കാൾ ഏറുകയും ചെയ്യും. ഇങ്ങനെയുള്ള ഒട്ടേറെ ആഹ്ലാദ പ്രകടനങ്ങൾ മുമ്പ് പലപ്പോഴായി ​ഗ്രൗണ്ടിൽ കാണുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇങ്ങനെയുള്ള ഒരാഘോഷപ്രകടനം കാരണം പൊല്ലാപ്പ് പിടിച്ച കഥയും ഓർമിച്ച് രം​ഗത്ത് വന്നിരിക്കുകയാണ് റെയ്ന.

2010 ലെ ഒരു ഐ പിഎൽ മത്സരം ഓർമിച്ചു കൊണ്ടാണ് റെയ്ന രം​ഗത്ത് വന്നിരിക്കുന്നത്. 2010 -ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലെ ഒരു ഐപിഎല്‍ പോരാട്ടത്തിനിടെയായിരുന്നു സംഭവം. ചെന്നൈ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കുന്ന തിരക്കിലായിരുന്നു കൊല്‍ക്കത്തയുടെ അന്നത്തെ നായകന്‍ സൗരവ് ഗാംഗുലി. മത്സരം സി എസ് കെയുടെ കയ്യില്‍ നിന്നും വഴുതിപ്പോകുമെന്ന ഘട്ടത്തിലാണ് ചെന്നെെ നായകൻ ധോണി പന്ത് ഓസീസ് പേസ് ബോളറായ ഡ​ഗ്ലസ് ബോളിങ്ങറെ ഏല്‍പ്പിച്ചത്.

ആ പരീക്ഷണം ഫലം കാണുകയും ചെയ്തു. നിര്‍ണായക അവസരത്തില്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി ബോളിങ്ങർ ദാദയുടെ വിക്കറ്റെടുത്തു. ഗാംഗുലി പുറത്തായ സന്തോഷത്തില്‍ ബൗണ്ടറി ലൈനില്‍ നിന്നും ഓടിയെത്തിയ റെയ്‌ന പതിവുരീതിയില്‍ ബോളിങ്ങറുടെ മുടി പിടിച്ചുലച്ചു ആഘോഷം തുടങ്ങി. എന്നാല്‍ ഓസീസ് പേസറുടെ തലയില്‍ വിഗ്ഗാണുണ്ടായിരുന്നതെന്ന് വൈകിയാണ് റെയ്‌ന തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ​ഗ്രൗണ്ടിൽ ബോളിങ്ങറുടെ വിഗ്ഗും ഊരി താഴെ വീഴുകയും ചെയ്തു.

അന്നത്തെ ആ സംഭവത്തില്‍ ബോളിങ്ങര്‍ തന്നോട് ദേഷ്യപ്പെട്ടതായി റെയ്‌ന ഓര്‍ത്തെടുക്കുന്നു. കാണികള്‍ തിങ്ങിക്കൂടിയ സ്‌റ്റേഡിയത്തിന് നടുവില്‍ വെച്ചാണ് ഇതു സംഭവിച്ചത്. എന്തായാലും ഈ സംഭവത്തിന് ശേഷം ആവേശം അതിരുകടക്കാതെ വിക്കറ്റുകള്‍ ആഘോഷിക്കാന്‍ താന്‍ പഠിച്ചു. സുരേഷ് റെയ്‌ന പറയുന്നു. സ്‌പോര്‍ട്‌സ്‌ക്രീനിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് റെയ്‌ന ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

×