/sathyam/media/post_attachments/GJo4McUe9JhGCNcIPV3u.jpeg)
മുംബൈ: നടി ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ, നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 70 വീഡിയോകളെന്ന് റിപ്പോര്‍ട്ട്. കുന്ദ്രയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഉമേഷ് കാമത്തിന്റെ നേതൃത്വത്തിലായിരുന്നു ഈ വീഡിയോകള്‍ ചിത്രീകരിച്ചിരുന്നത്.
കേസുമായി ബന്ധപ്പെട്ട് 7.5 കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. ബാങ്കുകളോട് വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ് കുന്ദ്ര രണ്ട് വര്‍ഷത്തോളമായി പോണ്‍ ബിസിനസ് രംഗത്തുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. അതേസമയം, കുന്ദ്രയുടെ ആപ്പായ 'ഹോട്ട്‌ഷോട്ട്‌സി'നെ ഗൂഗിള്‍, ആപ്പിള്‍ സ്റ്റോറുകള്‍ വിലക്കിയാല്‍, ദൃശ്യങ്ങള്‍ വില്‍ക്കുന്നതിന് സംഘത്തിന് ഒരു 'പ്ലാന്‍ ബി' ഉണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
അശ്ലീല ചിത്രങ്ങൾക്കായി പുതിയൊരു ആപ് ഇറക്കാനാണു ‘പ്ലാൻ ബി’ യിൽ കുന്ദ്രയും കൂട്ടരും ആലോചിച്ചത്. കുന്ദ്രയുടേതെന്നു കരുതപ്പെടുന്ന വാട്സാപ് ചാറ്റുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹോട് ഷോട്ട് ആപ്പിനെപ്പറ്റി ഗൂഗിൾ പ്ലേയിൽനിന്നു ലഭിച്ച ഈ മെയിലിനെക്കുറിച്ച് ഒരാൾ വാട്സാപ് ഗ്രൂപ്പിൽ ചോദിച്ചപ്പോൾ പ്ലാൻ ബി തുടങ്ങിയതായും രണ്ടോ, മൂന്നോ ആഴ്ചയ്ക്കകം പുതിയ ആപ് ഐഒഎസിലും ആൻഡ്രോയ്ഡിലും ലഭ്യമാകുമെന്നായിരുന്നു കുന്ദ്രയുടെ മറുപടി.