ഡൽഹി: കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രിരാജ്നാഥ് സിങ്. സമരം ചെയ്യുന്ന കര്‍ഷകരെ നക്സലുകള്‍, ഖാലിസ്ഥാനികള്‍ എന്നെല്ലാം മുദ്രകുത്തുന്നത് തെറ്റാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കി അഭിമുഖത്തിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
/sathyam/media/post_attachments/ZVlSUsXXrGVspmi29Th7.jpg)
കര്‍ഷകര്‍ ബഹുമാനം അര്‍ഹിക്കുന്നവരാണ്, അവര്‍ നക്സലുകളോ, ഖാലിസ്ഥാനികളോ അല്ല, അവര്‍ നമുക്ക് ആഹാരം നല്‍കുന്ന അന്നദാദാക്കളാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. രാജ്യം സാമ്പത്തിക വിഷമതകള്‍ നേരിട്ട പല ഘട്ടങ്ങളിലും കര്‍ഷകരുടെ പ്രയത്നം ഒന്നുകൊണ്ട് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. അവര്‍ നമ്മുടെ നട്ടെല്ലാണെന്നും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ കേന്ദ്രവുമായി സംസാരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറയുന്നു.
കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും രാജ്നാഥ് സിങ് ആഞ്ഞടിച്ചു. കര്‍ഷകരെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് ഒന്നുമറിയില്ലെന്നും കര്‍ഷക കുടുംബത്തില്‍ ജനിച്ച തനിക്ക് അതിലും വ്യക്തമായി കാര്യങ്ങള്‍ അറിയാമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
രാഹുല്‍ എന്നേക്കാള്‍ ചെറുപ്പമണ്, എങ്കിലും ഞാന്‍ ജനിച്ചത് കര്‍ഷകരുടെ മകനായാണ്. നമ്മുടെ പ്രധാനമന്ത്രി ജനിച്ചത് പാവപ്പെട്ട കുടുബത്തിലാണ്. അതിനാല്‍ കര്‍ഷകര്‍ക്കെതിരായി തീരുമാനമെടുക്കാന്‍ സര്‍ക്കാരിനാകില്ലെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
പുതുക്കിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഗുണം മാത്രമാണ് ചെയ്യുന്നത്. രണ്ട് വര്‍ഷത്തേക്ക് നിയമം നടപ്പിലാക്കി നോക്കിയാല്‍ എന്താണ് സംഭവിക്കുന്നതെന്ന് കണാമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. കര്‍ഷകരുടെ സമരം സര്‍ക്കാരിന് വേദനയുണ്ടാക്കുന്നെന്നും രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.