രജനികാന്തും കമല്‍ഹാസനും ഒന്നിക്കുന്നു ? ഇരുവരുടെയും സംഘടനകള്‍ സഖ്യത്തിലായി തമിഴ് രാഷ്ട്രീയത്തിലേയ്ക്ക്

ന്യൂസ് ബ്യൂറോ, ചെന്നൈ
Tuesday, November 19, 2019

ചെന്നൈ ∙ തമിഴ് സൂപ്പര്‍ താരങ്ങള്‍ തമിഴ് രാഷ്ട്രീയത്തിലും ഒന്നിക്കുന്നതായി സൂചന. രജനികാന്തിന്‍റെ മക്കള്‍ മൻട്രത്തെയും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യത്തിലേയ്ക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇരു താരങ്ങളും അടുത്തിടെ ദീര്‍ഘചര്‍ച്ചകള്‍ നടത്തി ധാരണയിലായതായും പറയപ്പെടുന്നു.

രജനികാന്ത് മക്കള്‍ മൻട്രത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുമെന്നാണ് സൂചന. ഇതോടെ ഉടന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചനകള്‍ രജനി നല്‍കിയിട്ടുണ്ട്. തമിഴ് രാഷ്ട്രീയത്തില്‍ ഇനിയും അത്ഭുതങ്ങള്‍ സംഭവിക്കുമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച രജനികാന്ത് കമല്‍ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്നും വ്യക്തമാക്കി.

ഇതോടെ തലൈവരുടെ പാര്‍ട്ടി പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന ചര്‍ച്ചകള്‍ സജീവമായി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനുശേഷം രാഷ്ട്രീയ നിലപാടുകളില്‍ ചാഞ്ചാടി നില്‍ക്കുകയാണ് നടന്‍ രജനികാന്ത്. തന്നെ ആര്‍ക്കും കാവി പുതപ്പിക്കാനാവില്ലെന്ന പ്രഖ്യാപനത്തോടെ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കും ഈയിടെ വിരാമമിട്ടു.

കഴിഞ്ഞ ദിവസം നടന്ന കമല്‍ഹാസന്റെ സിനിമാ ജീവിതത്തിന്റെ അറുപതാം വാര്‍ഷിക ആഘോഷത്തിനിടെ തമിഴ് രാഷ്ട്രീയം എന്നും അത്ഭുതങ്ങളുടെ കലവറയാണെന്നും ഇനിയും പ്രതീക്ഷിക്കാമെന്നും പറഞ്ഞതോടെയാണ് രജനികാന്തും കമലും ഒന്നിക്കുന്നെന്ന തരത്തിൽ ചർച്ചകള്‍ സജീവമായത്.

തൊട്ടുപിറകെ 40 വര്‍ഷമായി ഒന്നിച്ചുള്ള രജനിയുമായി സഹകരിക്കുന്നതില്‍ തടസമില്ലെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു.

×