Advertisment

രാജസ്ഥാനിലെ രാഷ്ട്രീയ നീക്കങ്ങളിൽ തോൽവി സച്ചിനും ഗെലോട്ടിനും ഒരേപോലെ ! എന്തുകൊണ്ട് ? വിജയം - രാജസ്ഥാനിലെ കരുണാകരനായ ഗെലോട്ടിനെ ഒതുക്കിയ ഹൈക്കമാന്റിനും ! തകർന്നത് സച്ചിന്റെ തന്ത്രങ്ങളേക്കാളധികം ഗെലോട്ടിന്റെ കരുനീക്കങ്ങൾ ? അതിങ്ങനെ ! 

New Update

publive-image

Advertisment

ഡൽഹി: രാജസ്ഥാനിൽ കോൺഗ്രസിന് കാർമേഘം അകലുമ്പോഴും അവിടെ വിജയിച്ചതാര്? തോറ്റതാര്‌? എന്ന ചോദ്യത്തിനാണ് പ്രസക്തി. അതിൽ ഏറ്റവും ഭംഗിയായ ഉത്തരം, വിജയം അവകാശപ്പെടാൻ ആകുമെങ്കിൽ അത് കോൺഗ്രസ് ഹൈക്കമാന്റിനും പരാജയം മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിനും ഒരേപോലെയുമാണെന്നതാണ്.

രണ്ടുപേരുടെയും നീക്കങ്ങൾ ഒരേപോലെ പരാജയപ്പെട്ടു. പ്രത്യേകിച്ചും മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നീക്കം.

രാജസ്ഥാനിലെ കരുണാകരൻ !

അതറിയണമെങ്കിൽ അശോക് ഗെലോട്ട് ആരാണെന്നറിയണം. ഒറ്റവാക്കിൽ, രാഷ്ട്രീയലോകത്തിന് മനസിലാകുന്ന ഭാഷയിൽ പറയുകയാണെങ്കിൽ രാജസ്ഥാനിലെ കെ കരുണാകരനാണ് ഗെലോട്ട്. രാജസ്ഥാനിലെ ജാതിസമവാക്യങ്ങളും ഗെലോട്ടിനനുകൂലമാണ്. അഴിമതിക്കാരനല്ലാത്ത ജനകീയ മുഖ്യമന്ത്രി.

പക്ഷേ ഗെലോട്ടിന് ഒരു ലക്ഷ്യമുണ്ട്. സച്ചിൻ പൈലറ്റിനെ ചവിട്ടി പുറത്താക്കണം. എങ്കിലേ ഇത്തവണ മാത്രമല്ല, അടുത്ത തവണത്തേയ്ക്കും തന്റെ കസേര ഉറപ്പിക്കാൻ സാധിക്കുകയുള്ളു.

സച്ചിൻ ലക്ഷ്യമിട്ടതും ഗെലോട്ട് കരുക്കൾ നീക്കിയതും

സച്ചിൻ കരുക്കൾ നീക്കിയത് ഈ സർക്കാരിന്റെ കാലത്തുതന്നെ ഒരു ടേം മുഖ്യമന്ത്രിയാകാനാണ്. അതോടെ സംസ്ഥാനത്ത് കോൺഗ്രസിന്റെ നേതൃത്വം സച്ചിന് സ്വന്തം.

എന്നാൽ ഗെലോട്ട് ലക്ഷ്യം വച്ചത് വേറെയാണ്. ഇത്തവണ മുഴുവൻ കാലാവധിയും മുഖ്യമന്ത്രിയായിരിക്കാനുള്ള അംഗബലവും ശക്തിയും തനിക്കുണ്ടെന്ന ആത്മവിശ്വാസം ഗെലോട്ടിനുണ്ട്. പക്ഷേ തുടർഭരണം നേടി അടുത്ത ടേമിലും മുഖ്യമന്ത്രിയായിരിക്കാനാണ് ഗെലോട്ടിന്റെ നീക്കം. അതിന് സച്ചിനെ പുറത്താക്കണം.

നിലവിലെ രാഷ്ട്രീയ നാടകങ്ങളിൽ ഹൈക്കമാന്റ് ഗെലോട്ടിനെയാണ് പിന്തുണച്ചത്. കാരണം മിയമസഭയിലെ അംഗബലവും ഗെലോട്ടിന് സ്വന്തമാണ്.

ഹൈക്കമാന്റിന് പ്രിയങ്കരൻ ഗെലോട്ടല്ല, സച്ചിൻ !  എന്തുകൊണ്ട് ?

അതിലും പ്രധാന കാരണം മറ്റൊന്നാണ്. യഥാർത്ഥത്തിൽ ഹൈക്കമാന്റിന്റെ മനസ് സച്ചിനൊപ്പമാണ്. രാഹുലും പ്രിയങ്കയുമായി ഉറ്റ സൗഹൃദമാണ് സച്ചിനുള്ളത്. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായും അടുത്ത സൗഹൃദം. പാർട്ടിയുമായി പിണങ്ങി നിന്നപ്പോഴും സച്ചിൻ കോൺഗ്രസിൽ അകെ അറ്റൻഡ് ചെയ്തിരുന്നത് വേണുഗോപാലിന്റെ ഫോൺ മാത്രമായിരുന്നു.

ലക്ഷ്യമിട്ടത് പുകച്ചു പുറത്തുചാടിക്കാൻ

സച്ചിൻ എത്രകാലം ശക്തനായി കോൺഗ്രസിൽ തുടരുന്നുവോ അത്രകാലവും തനിക്ക് ഭീഷണിയാണെന്ന് ഗെലോട്ടിനറിയാം. അതിനാൽ ഏതുവിധേനയും സച്ചിനെ പ്രകോപിപ്പിച്ച് പുറത്തു ചാടിക്കാനായിരുന്നു കഴിഞ്ഞ ഒരു വര്‍ഷവും ഗെലോട്ട് ശ്രമിച്ചത്.

ഉപമുഖ്യമന്ത്രിയെ പോലീസ് ചോദ്യം ചെയ്യുന്നതുവരെയെത്തി ആ രാഷ്ട്രീയ നീക്കങ്ങൾ. നിർവ്വാഹമില്ലാതെ വന്നപ്പോഴാണ് സച്ചിൻ പുറത്തുചാടിയത്. അപ്പോൾ ഹൈക്കമാന്റ് ഗെലോട്ടിനൊപ്പം നിന്നു. സാഹചര്യങ്ങൾ ബിജെപി മുതലെടുക്കുന്നത് തടയാനായിരുന്നു അപ്പോൾ ഹൈക്കമാന്റ് നീക്കം.

ഈ അനുനയത്തിന് വിലകൊടുക്കേണ്ടിവരിക ഗെലോട്ട് !

പക്ഷേ ഗെലോട്ടിന്റെ തന്ത്രം പൊളിച്ച് സച്ചിനെ ഒപ്പം നിർത്താൻ സുഹൃത്തുക്കളായ പ്രിയങ്കയ്ക്കും രാഹുലിനുമായി.അവിടെ നിരാശനായത് ഗെലോട്ടാണ്. അതിനു വിലകൊടുക്കേണ്ടിവരുന്നതും ഗെലോട്ടിനുതന്നെയായിരിക്കും.

68 കാരനായ ഗെലോട്ടിന് അടുത്ത തവണയും ഭരണം പിടിക്കാനാണ് ആഗ്രഹം. പക്ഷേ, അതിനി സംഭവിക്കാൻ പ്രയാസമായിരിക്കും. അടുത്ത തവണ കോൺഗ്രസ് മുഖ്യമന്ത്രി സച്ചിൻ തന്നെ. അതിനാലാണ് രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങളിൽ പരാജയം ഗെലോട്ടിനും കൂടിയാണെന്ന് പറയുന്നത്.

പൈലറ്റിന്റ നഷ്ടം ആ ക്രെഡിബിലിറ്റി

പാർട്ടിയെ വെല്ലുവിളിച്ച് എംഎൽഎമാരുമായി വിമതനീക്കം നടത്തിയ സച്ചിൻ പൈലറ്റിനും ഇത് നഷ്ടം തന്നെയാണ്. 42 വയസിനിടെ എംപിയും കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയും ആക്കിയ പാർട്ടിയോട് വീണ്ടും സ്ഥാനമാനങ്ങൾക്കായി തിടുക്കം കൂട്ടി കലാശിച്ചതിന്റെ കറ എക്കാലവും പാർട്ടിക്ക് മുമ്പിൽ നിഴലിച്ചുനിൽക്കും.

ആ 'ക്രഡിബിലിറ്റി' നഷ്ടം സച്ചിന് നികത്താനാകാത്ത വിടവുതന്നെയായിരിക്കും. അവിടെയാണ് നിലവിലെ നീക്കങ്ങളിൽ സച്ചിന്റെ പരാജയം.

വേണുഗോപാലിന്റെ രാജ്യസഭാംഗത്വം ഉപകാരമായതിങ്ങനെ

ഒരിക്കലും മെരുങ്ങാത്ത പടക്കുതിരയെ ഈ സന്ദർഭം അവസരോചിതമായി ഉപയോഗിച്ചു മെരുക്കിയെടുത്തതിന്റെ ക്രഡിറ്റ് ഹൈക്കമാന്റിനുതന്നെയാണ്. സന്ദർഭോചിതമായി കരുക്കൾ നീക്കിയ രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗം കൂടിയായ കെസി വേണുഗോപാലിന്റെ ഇടപെടലുകൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

സംസ്ഥാനം വിട്ട് വേണുഗോപാലിനെ രാജസ്ഥാനിൽനിന്ന് രാജ്യസഭയിലെത്തിക്കാനെടുത്ത തീരുമാനത്തിൽ ഹൈക്കമാന്റിന് ഇനി നിരാശപ്പെടാൻ ഒന്നുമില്ല. നിയമസഭാംഗങ്ങളുമായി ആ നിലയ്ക്ക് വേണുഗോപാൽ ഉണ്ടാക്കിയെടുത്ത സൗഹൃദങ്ങളാണ് ഒടുവിൽ പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിക്ക് തുണയായത്.

Rajasthan political crisis
Advertisment