ഐഎസ്ആർഒയുമായി ബന്ധപ്പെട്ടുള്ള ചാരപ്രവർത്തനം പാക്കിസ്ഥാനിൽ നിന്നല്ല നടന്നത്. മറ്റൊരു രാജ്യം കേന്ദ്രീകരിച്ചായിരുന്നു ; ചാരപ്രവർത്തനം സത്യമുണ്ട് എന്നതിനാലാണ് ഇപ്പോഴും അവസാനിക്കാതെ ചാരക്കഥ കിടക്കുന്നത്; ഐഎസ്ആർഒ ചാരക്കേസ് സത്യമായിരുന്നുവെന്ന് ‘റോ’യുടെ ഫീൽഡ് ഓഫിസർ രാജേഷ് പിള്ള

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, April 19, 2021

തിരുവനന്തപുരം:  ഐഎസ്ആർഒ ചാരക്കേസ് സത്യമായിരുന്നുവെന്ന് അന്ന് കേസ് അന്വേഷിച്ച രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യുടെ ഫീൽഡ് ഓഫിസർ രാജേഷ് പിള്ള. മറിയം റഷീദ കേരളത്തിലെത്തിയത് ചാരപ്രവർത്തനത്തിന്റെ ഭാഗമായാണെന്നും പുതിയ സിബിഐ അന്വേഷണത്തിൽ ചാരക്കേസിലെ സത്യം പുറത്തുവരുമെന്നാണു വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയവും ഗ്രൂപ്പിസവും കടന്നുവന്നതോടെയാണു ചാരപ്രവർത്തനം നടന്നില്ലെന്ന മട്ടിലേക്കു കാര്യങ്ങളെത്തിയത്. ചാരക്കേസ് പുറത്തറിയുന്നതിന് മുൻപു തന്നെ മറിയം റഷീദയെക്കുറിച്ച് റോയ്ക്കു വിവരം ലഭിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി  മറിയം റഷീദ വരുമെന്നും തടഞ്ഞുവയ്ക്കണമെന്നുമായിരുന്നു നിർദേശം, അന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ റോയുടെ ചുമതലയുണ്ടായിരുന്ന രാജേഷ് പിള്ള പറയുന്നു.

പ്രധാനമന്ത്രിയുടെയും സിബിഐ ഡയറക്ടറുടെയും കേരളത്തിലേക്കുള്ള വരവോടെ, 20 ദിവസം കേസ് അന്വേഷിച്ച ‘റോ’ സംഘത്തോട് അന്വേഷണം വേണ്ടെന്നു നിർദേശിച്ചു. ചാരക്കേസിൽ രാഷ്ട്രീയം കലർന്നപ്പോഴുണ്ടായ സംഭവവികാസമാണ് ഇതൊക്കെ എന്നും അദ്ദേഹം പറഞ്ഞു.

‘ഐഎസ്ആർഒയുമായി ബന്ധപ്പെട്ടുള്ള ചാരപ്രവർത്തനം പാക്കിസ്ഥാനിൽ നിന്നല്ല നടന്നത്. മറ്റൊരു രാജ്യം കേന്ദ്രീകരിച്ചായിരുന്നു അത്. ആ രാജ്യത്തുള്ള ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസികളാണു മറിയം റഷീദയെ നിരീക്ഷിക്കണമെന്നു നിർദേശിച്ചത്. ക്രയോജനിക് സാങ്കേതികവിദ്യ സംബന്ധിച്ചാണു ചാരപ്രവർത്തനം നടന്നതെന്നും പറയാനാകില്ല. മറ്റു ചില കാര്യങ്ങളുമുണ്ട്.’

‘രാഷ്ട്രീയ ഗൂഢാലോചനയാണ് ചാരപ്രവർത്തനം എന്ന ആരോപണത്തിന് പിന്നിലെന്ന് പറയുന്നത് ചാരപ്രവർത്തനം നടത്തിയവരാണ്.  അതിൽ സത്യമുണ്ട് എന്നതിനാലാണ് ഇപ്പോഴും അവസാനിക്കാതെ ചാരക്കഥ കിടക്കുന്നത്.  സത്യം പുറത്തുവരാതെ അത് അവസാനിക്കില്ല. അന്നത്തെ സിബിഐ അന്വേഷണം കേരള പൊലീസും ഐബിയും കണ്ടെത്തിയെന്നു പറയുന്ന കാര്യങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ വേണ്ടി മാത്രമായിരുന്നു.’

ക്രയോജനിക് സാങ്കേതിക വിദ്യയിൽ ഇന്ത്യയെ പിന്നോട്ടടിക്കാൻ നടന്ന രാജ്യാന്തര ഗൂഢാലോചനയാണെന്ന ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് സിബിഐ നിലപാടെടുത്തു. സത്യം മറ്റൊന്നാണ്. മുൻവിധിയില്ലാതെ പുതിയ സിബിഐ സംഘം അന്വേഷിച്ചാൽ സത്യം പുറത്തുവരുമെന്നും രാജേഷ് പിള്ള പറയുന്നു.

×