ഗുജറാത്ത് : രാജ്കോട്ട് സ്റ്റേഡിയത്തിൽ ഇന്ത്യ ബംഗ്ലാദേശ് മത്സരം നടക്കുമ്പോൾ 'മഹ' ചുഴലിക്കാറ്റു ഭീഷണി മേലെമാനത്ത് തികട്ടി നിൽക്കുകയായിരുന്നു. എപ്പോള്‍ വേണമെങ്കിലും വീശാന്‍ പാകത്തില്‍. പക്ഷേ സ്റ്റേഡിയത്തില്‍ ആഞ്ഞുവീശിയത് 'രോഹിത് ചുഴലിക്കാറ്റാ'യിരുന്നു.
പരമ്പരയിൽ 43 പന്തുകൾ നേരിട്ട രോഹിത് അടിച്ചുകൂട്ടിയത് 85 റൺസുകൾ. 6 സിക്സറും 6 ഫോറുകളും പായിച്ചാണ് രോഹിത് റണ്‍സുകള്‍ വാരികൂട്ടിയത്.
ബംഗ്ലാദേശിന്‍റെ 154 റൺസ് വിജയ ലക്ഷ്യം മറികടക്കാൻ 26 പന്തുകള്‍ ബാക്കിനിൽക്കെ ഇന്ത്യക്ക് കഴിഞ്ഞു. 3 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇരുടീമുകളും ഇപ്പോൾ ഒപ്പത്തിനൊപ്പമാണ് . നിര്‍ണ്ണായക മത്സരം ഞായറാഴ്ച വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും.
ആകെ ഫോമിലായിരുന്ന രോഹിത് വെറും 23 പന്തില്‍ അർധസെഞ്ചുറി പിന്നിട്ടു. ട്വന്റി20യിൽ രോഹിത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറിയാണിത്. 2016ൽ വിൻഡീസിനെതിരെ 22 പന്തിൽ 50 കടന്നതാണ് ഒന്നാം സ്ഥാനത്ത്.
ട്വന്റി20യിൽ രോഹിത്തിന്റെ 18–ാം അർധസെഞ്ചുറിയാണിത്. മാത്രമല്ല, രാജ്യാന്തര ട്വന്റി20യിൽ രോഹിത് 2500 റൺസും പിന്നിട്ടു. ഒരു ട്വന്റി20 ഇന്നിങ്സിൽ എട്ടാം തവണ അഞ്ചിലേറെ സിക്സുകൾ പറത്തിയ രോഹിത്, ഒൻപതു തവണ വീതം ഈ നേട്ടം കൈവരിച്ച ക്രിസ് ഗെയ്‍ൽ, കോളിൻ മൺറോ എന്നിവരുടെ റെക്കോർഡിന് അടുത്തെത്തി.
രോഹിത്തിന് ഉറച്ച പിന്തുണ നൽകിയ ധവാൻ സ്കോർ 118ൽ നിൽക്കെയാണ് പുറത്തായത്. 27 പന്തിൽ നാലു ഫോർ സഹിതം 31 റണ്‍സെടുത്ത ധവാനെ അമിനുൽ ഇസ്‌ലാമാണ് പുറത്താക്കിയത്. ഇസ്‍ലാം എറിഞ്ഞ 11–ാം ഓവറിന്റെ അഞ്ചാം പന്തിൽ കയറിക്കളിക്കാൻ ശ്രമിച്ച ധവാൻ പന്തിന്റെ ദിശയറിയാതെ ക്ലീൻ ബൗൾഡായി.
ഏഴു റണ്‍സ് കൂടി കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും രോഹിത്തും മടങ്ങി. അമിനുലിന്റെ അടുത്ത വരവിൽ സിക്സ് നേടാനുള്ള രോഹിത്തിന്റെ ശ്രമം പകരക്കാരൻ ഫീൽഡർ മുഹമ്മദ് മിഥുന്റെ കൈകളിൽ അവസാനിച്ചു. അപ്പോഴേക്കും 43 പന്തിൽ ആറു വീതം സിക്സും ഫോറും സഹിതം 85 റൺസെടുത്തിരുന്നു.