രാജു നാരായണ സ്വാമിയുടെ മനോനിലയില്‍ സംശയമുണ്ടെന്നും അനാവശ്യ അവധികളെന്നുമുള്ള നിര്‍ബന്ധിത വിരമിക്കല്‍ ശുപാര്‍ശ പുറത്ത്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, July 17, 2019

തിരുവനന്തപുരം: രാജു നാരായണ സ്വാമി ഐ.എ.എസിനെതിരെ നിര്‍ബന്ധിത വിരമിക്കലിന് ശുപാര്‍ശ ചെയ്ത സര്‍ക്കാരിന്‍റെ അപ്രൈസല്‍ സമിതിയുടെ മിനിട്‌സില്‍ ഗുരുതര ആരോപണങ്ങള്‍.

രാജു നാരായണ സ്വാമിയുടെ മനോനിലയില്‍ സംശയമുണ്ടെന്നും ഇക്കാലയവിനുള്ളില്‍ 755 ദിവസം അവധിയെടുത്തുവെന്നും മിനിട്‌സില്‍ പറയുന്നുവെന്നും ചില മലയാള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു .

മാധ്യമങ്ങളെ കൂട്ടുപിടിച്ച് വിവാദങ്ങള്‍ ഉണ്ടാക്കുന്ന ആളെന്ന മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷന്റെ ആരോപണവും മിനിട്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ രണ്ടു തവണമാത്രമാണ് പ്രവര്‍ത്തന മികവ് രേഖപ്പെടുത്തിയിരിക്കുന്നത്.

നിര്‍ബന്ധിത വിരമിക്കലിന് ശിപാര്‍ശ ചെയ്തത് പ്രവര്‍ത്തന മികവ് ഇല്ലാത്തതിന്റെ പേരിലാണെന്നും മിനിട്‌സില്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ സുപ്രീം കോടതിയുടെ വിധിയും സമിതി പരിഗണിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സമിതിയുടെതാണ് ശിപാര്‍ശ. ഈ ശിപാര്‍ശയിന്മേല്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് സ്വാമി ചുമതല വഹിച്ച പദവികളില്‍ അദ്ദേഹത്തെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ എന്നതും ശ്രദ്ധേയമാണ് . പൊതുവെ പ്രവര്‍ത്തന മികവില്ലാത്ത ഉദ്യോഗസ്ഥരുടെ ഗണത്തിലാണ് അദ്ദേഹം ഇടം പിടിച്ചിട്ടുള്ളത് .

പല ചുമതലകളില്‍ നിന്നും നീക്കം ചെയ്യപ്പെടാനും ഇതായിരുന്നു കാരണം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് പ്രിയങ്കരന്‍ എന്ന നിലയില്‍ അദ്ദേഹത്തിനനുകൂലമായി വലിയ തോതിലുള്ള വാര്‍ത്താപിന്തുണ ലഭിക്കുന്നതാണ് നടപടികളില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കുന്ന ഘടകം. അദ്ദേഹത്തിന്‍റെ അക്കാദമിക് മികവിനൊപ്പം പ്രവര്‍ത്തന മികവ് എത്തുന്നില്ലെന്നതാണ് ആക്ഷേപം.

×