/sathyam/media/post_attachments/tKjdGlSkYzqGufbZAywG.jpg)
പാലാ:പഠന മികവിൽ ഇരട്ട മെഡലുകളുമായി ഗുജറാത്തി യൂണിവേഴ്സിറ്റി കോളജിൻ്റെ ചരിത്രത്തിലാദ്യമായി ഒരു മലയാളി പെൺകൊടി. പാലാ സ്വദേശിനി രാകേന്ദു സജിയ്ക്കാണീ നേട്ടങ്ങളുടെ ഇരട്ടി മധുരം.
ഗുജറാത്തിലെ ആനന്ദ് അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടെക് ഡയറി കെമിസ്ട്രിയിൽ ഒരേ സമയം ഒന്നാം റാങ്കോടെ ഡോ. ആർ.എസ് ശർമ്മ ഗോൾഡ് മെഡലിനും, അമുൽ ഗോൾഡ് മെഡലിനും 24 കാരിയായ രാകേന്ദു അർഹയായി. ആനന്ദ് യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള വൈസ് ചാൻസിലേഴ്സ് ഗോൾഡ് മെഡലിൻ്റെ നാമനിർദ്ദേശ പട്ടികയിലും രാകേന്ദുവിൻ്റെ പേരുണ്ട്. ഇത് അടുത്ത മാസം പ്രഖ്യാപിക്കും.
ആനന്ദിലെ എസ്.എം.സി കോളജ് ഓഫ് ഡയറി സയൻസിലെ വിദ്യാർത്ഥിനിയായിരുന്ന രാകേന്ദു കോളജിൽ നിന്നും ആദ്യമായി ഗോൾഡ് മെഡൽ നേടുന്ന മലയാളി എന്ന ചരിത്രനേട്ടത്തിനും അർഹയായി. എൻട്രൻസ് പരീക്ഷയിൽ എം.ടെക്ക് ഡയറി കെമസ്ട്രി കോഴ്സിൽ പ്രവേശനം കിട്ടിയ ഏക മലയാളിയുമായിരുന്നൂ രാകേന്ദു.
പങ്കജ കസ്തൂരി ഗ്രൂപ്പിൻ്റെ ഡയറി വിഭാഗത്തിൽ ക്വാളിറ്റി കൺട്രോളർ ജോലിയിലിരിക്കെയാണ് ഈ മിടുക്കി എം.ടെക് കോഴ്സിനുള്ള അഖിലേന്ത്യാ എൻട്രൻസ് പരീക്ഷ എഴുതുന്നത്. അവിടെ പ്രവേശനം കിട്ടിയതോടെ ജോലി രാജി വെച്ചു ആനന്ദ് യൂണിവേഴ്സിറ്റിയിലേക്ക് പോവുകയായിരുന്നു.
"കേരളത്തിൽ ധാരാളം ക്ഷീരകർഷകരുണ്ട്. ഇവർക്കെല്ലാം കുറച്ചു കൂടി ശാസ്ത്രീയ അവബോധം കൊടുക്കാനായാൽ മലയാളത്തിൻ്റെ ക്ഷീര വിപ്ലവം ലോകമെങ്ങും അറിയപ്പെടും. കൂടുതൽ പാലുൽപ്പനങ്ങൾ സൃഷ്ടിക്കുക, നീണ്ട നാൾ അത് കേടു കൂടാതെ സൂക്ഷിക്കുക എന്നതു സംബന്ധിച്ചായിരുന്നു എൻ്റെ പഠനം. നമ്മുടെ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് പോലും പാലുൽപ്പന്നങ്ങൾ കൂടുതൽ കാലം സൂക്ഷിക്കാൻ കഴിയും." - പഠന അറിവുകളുടെ വെളിച്ചത്തിൽ രാകേന്ദു പറഞ്ഞു.
പാലാ മനത്താനത്ത് കുടുംബാംഗമാണ് രാകേന്ദു. എസ്.എൻ.ഡി.പി യോഗം മുൻ ബോർഡ് മെമ്പറും മുൻകാല കായിക താരവുമായ സജികുമാറിൻ്റേയും, മീനച്ചിൽ യൂണിയൻ വനിതാ സംഘം വൈസ് ചെയർപേഴ്സണും പാലാ ടൗൺ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറിയുമായ ബിന്ദു മനത്താനത്തിൻ്റേയും മകളാണ്. ഏക സഹോദരൻ പ്രിഥ്വിരാജ് മലേഷ്യയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us