അഞ്ചു പതിറ്റാണ്ടിലേറെയായി സജീവ രാഷ്ട്രീയത്തിലുള്ള രാംവിലാസ് പാസ്വാന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമാകുന്നത് കരുത്തനായ ദളിത് നേതാവിനെയാണ്. 1969ല്‍ ബിഹാര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ അരനൂറ്റാണ്ടായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പ്രധാന സാന്നിധ്യമായിരുന്നു പാസ്വാന്‍.
/sathyam/media/post_attachments/YmaWWFI3Nar0E0sNv3FQ.jpg)
വിവിധ മുന്നണികള്‍ക്കും ഒരു പോലെ സ്വീകാര്യനായിരുന്ന നേതാവായിരുന്നു പാസ്വാന്‍. ഓരോ തെരഞ്ഞെടുപ്പിലും രാഷ്ട്രീയ കാലാവസ്ഥ വ്യക്തമായി മനസിലാക്കിയ നേതാവ്. അതുകൊണ്ട് തന്നെ, കൃത്യമായ സമയത്ത് ഉചിതമായ മുന്നണി തിരഞ്ഞെടുത്ത് അധികാര രാഷ്ട്രീയത്തിലെ നിറസാന്നിധ്യമാകാനും പാസ്വാന് കഴിഞ്ഞു.
ഏതു സഖ്യത്തിനൊപ്പം നില്‍ക്കണമെന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ പാസ്വാനെ കഴിഞ്ഞേ മറ്റാരുമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ 'ദേശീയ രാഷ്ട്രീയത്തിലെ കാലാവസ്ഥ നിരീക്ഷകന്‍' എന്നാണ് പാസ്വാന്‍ അറിയപ്പെട്ടിരുന്നതും.
1989 മുതല്‍ അധികാരത്തിലേറിയ എട്ടു കേന്ദ്ര മന്ത്രിസഭകളുടെ ഭാഗമാകാന്‍ രാം വിലാസ് പാസ്വാന് കഴിഞ്ഞതും അതുകൊണ്ടുതന്നെയാണ്. ആറു പ്രധാനമന്ത്രിമാരുടെ കീഴിലാണ് പാസ്വാന്‍ മന്ത്രിയായത്. ദേശീയ രാഷ്ട്രീയത്തില്‍ മറ്റൊരു നേതാവിനും അവകാശപ്പടാനാകാത്ത ചരിത്രം. ഈ അനുഭവപരിചയവും രാഷ്ട്രീയകൗശലതയുമാണ് പാസ്വാനെയും എല്‍ജെപിയെയും മുന്നോട്ടുനയിച്ചതും.
അടുത്തകാലത്തായി പാസ്വാന്റെ കരുത്ത് കുറയുകയും നിതീഷ് കുമാര്‍ മേധാവിത്തം പുലര്‍ത്തുകയും ചെയ്തിരുന്നെങ്കിലും ബിഹാര്‍ രാഷ്ട്രീയത്തില്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്ന ഒരു നേതാവായിരുന്നില്ല രാം വിലാസ് പാസ്വാന്‍. ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാസ്വാന്റെ വിയോഗമെന്നതും ഏറെ ശ്രദ്ധേയം.
/sathyam/media/post_attachments/1MSYJk4flyBKikw6Dgtr.jpg)
1977ല്‍ ഗിന്നസ് റെക്കോഡ്
1977ല്‍ ജനത പാര്‍ട്ടി അംഗമായാണ് പാസ്വാന്‍ ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 4.24 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ഹാജിപുരില്‍നിന്ന് നേടിയ ഈ വിജയം ഗിന്നസ് ബുക്കിലും പാസ്വാന് ഇടംനേടിക്കൊടുത്തു. പാസ്വാന് 89.34 ശതമാനം വോട്ടും എതിരാളിക്ക് വെറും 8.78 ശതമാനവും.
1991ല്‍ കോണ്‍ഗ്രസിന്റെ പി വി നരസിംഹ റാവു അഞ്ച് ലക്ഷം ഭൂരിപക്ഷത്തിന്റെ ജയത്തോടെ റെക്കോര്‍ഡ് ഭേദിച്ചു. ആന്ധ്രപ്രദേശിലെ നന്ദ്യാലില്‍ നിന്ന് വന്‍ മാര്‍ജിനില്‍ ജയിച്ച നരസിംഹറാവു പ്രധാനമന്ത്രി കസേരയില്‍ എത്തി. 2014ല്‍ ഏഴ് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച പ്രിതം മുണ്ടെയുടെ പേരിലാണ് ഇപ്പോള്‍ റെക്കോര്‍ഡ്.
തോല്‍വി രുചിച്ചത് ഒരു വട്ടം മാത്രം !
കഴിഞ്ഞ 32 വര്‍ഷത്തിനിടയില്‍ ഒരേയൊരു കേന്ദ്രമന്ത്രിസഭയില്‍ മാത്രമായിരുന്നു പാസ്വാന്‍ ഭാഗമല്ലാതിരുന്നത്. 2009-14 വരെ ഇന്ത്യ ഭരിച്ച രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്. 2009ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാസ്വാന്‍ പരാജയപ്പെടുകയായിരുന്നു.
ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയുമായി സഖ്യം ചേര്‍ന്നായിരുന്നു അത്തവണ പാസ്വാന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 33 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ പസ്വാന്‍ നേരിട്ട ആദ്യത്തെ പരാജയം. ഹജിപുര്‍ മണ്ഡലത്തില്‍ ജെ.ഡി.യുവിന്റെ രാം സുന്ദര്‍ ദാസിനോടാണ് പസ്വാന്‍ പരാജയത്തിന്റെ രുചിയറിഞ്ഞത്.
/sathyam/media/post_attachments/GheV1rydeJcsM3x2C3A3.jpg)
ഇനി പാസ്വാനില്ലാത്ത തിരഞ്ഞെടുപ്പ് രാഷ്ട്രീയം
ബിഹാര്‍ തിരഞ്ഞെടുപ്പ് സംജാതമായിരിക്കെ എന്‍ഡിഎ-എല്‍ജെപി ബന്ധം ഉലയുന്ന കാഴ്ചയാണ് കാണാനാകുന്നത്. ശാരീരിക അവശതകളെ തുടർന്ന് ബിഹാർ തിരഞ്ഞെടുപ്പിലെ എല്‍ജെപിയുടെ രാഷ്ട്രീയ നീക്കങ്ങളിൽ കഴിഞ്ഞ ദിവസങ്ങളില്‍ രാം വിലാസ് പസ്വാനു പകരം മകൻ ചിരാഗ് ആണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവിനെതിരെ മത്സരിക്കുമെന്ന് പസ്വാന്റെ മകൻ ചിരാഗ് പസ്വാൻ പറഞ്ഞത് ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കള്‍ കൂട്ടത്തോടെ എല്‍ജെപിയിലേക്ക് ചേക്കേറുന്നത് എന്‍ഡിഎ ക്യാമ്പിലും അസ്വസ്ഥത പടര്‍ത്തുന്നു.
എന്‍ഡിഎയില്‍ സീറ്റ് നിര്‍ണയം പൂര്‍ത്തിയായതോടെ അവസരം നിഷേധിക്കപ്പെട്ട ബിജെപി നേതാക്കള്‍ ടിക്കറ്റിനായി ചിരാഗ് പസ്വാനെ തേടിയെത്തുകയാണ്. പ്രമുഖ നേതാക്കളായ രാജേന്ദ്ര സിങ്, ഉഷാ വിദ്യാര്‍ഥി, രാമേശ്വര്‍ ചൗരസ്യ, ജവാഹര്‍ പ്രസാദ് എന്നിവര്‍ എല്‍ജെപിയില്‍ ചേര്‍ന്നു. പതിനഞ്ചോളം ബിജെപി നേതാക്കള്‍ എല്‍ജെപിയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
ജെഡിയുവിനെതിരെ മത്സരിക്കുമെന്ന് എല്‍ജെപി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ബിജെപിയിലെ വിമതനീക്കം മുഖ്യമന്ത്രി നിതീഷ് കുമാറിനെയാണ് അങ്കലാപ്പിലാക്കുന്നത്. വിമത നീക്കം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ മോദിയും ബിഹാറിന്‍റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നവിസും മുന്നറിയിപ്പ് നല്‍കിയിരുന്നു. 28ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 71 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലെത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us