രാമപുരം ആശുപത്രി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങി..പഞ്ചായത്ത് ഡോക്ടറെയും ബ്ലോക്ക് പഞ്ചായത്ത് ഫാര്‍മസിസ്റ്റിനെയും നിയമിച്ചു

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, April 6, 2020

രാമപുരം – രാമപുരം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിന് പുതിയ മുഖം. 10.50 കോടിയുടെ ആധുനിക കെട്ടിട സമുച്ചയത്തില്‍ ആശുപത്രി പ്രവര്‍ത്തനം തുടങ്ങി. മുന്‍ ധനകാര്യമന്ത്രി കെ എം മാണി പ്രത്യേക താല്‍പര്യമെടുത്ത് നബാര്‍ഡ് സ്കീമിലുള്‍പ്പെടുത്തി 10.50 കോടി മുടക്കി നിര്‍മ്മിച്ച ബഹുനില മന്ദിരം ഏതാനും മാസം മുമ്പ് ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും പ്രവര്‍ത്തനം പഴയ മന്ദിരത്തിലായിരുന്നു.

ബ്ലോക്ക് പഞ്ചായത്തും, ജില്ലാ, ഗ്രാമപഞ്ചായത്തുകളും ചേര്‍ന്ന് 25 ലക്ഷം രൂപ അനുവദിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ എന്‍ എച്ച് എം വഴി ഒരുക്കുകയായിരുന്നു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനെ സര്‍ക്കാര്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയിരുന്നു.
ആശുപത്രി പ്രവര്‍ത്തനം 24 മണിക്കൂറാക്കണമെന്നും ഇതിനാവശ്യമായ ഡോക്ടര്‍, നഴ്സ്, മറ്റ് ജീവനക്കാര്‍ എന്നിവരെ നിയമിക്കണമെന്നുമുള്ള ആവശ്യം നാളിതുവരെ നടപ്പായില്ല.

ഇപ്പോള്‍ രാമപുരം ഗ്രാമപഞ്ചായത്ത് ഡോക്ടറെയും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഫാര്‍മസിസ്റ്റിനെയും നിയമിച്ച് ആശുപത്രി പ്രവര്‍ത്തനം വൈകിട്ട് 6 മണി വരെ ക്രമീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥിരനിയമനത്തിന് നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസം. വൈകിട്ട് വരെ പ്രവര്‍ത്തന സമയം ക്രമീകരിക്കപ്പെട്ടതോടെ ആശുപത്രി പ്രവര്‍ത്തനം കൂടുതല്‍ സൗകര്യപ്രദമായ പുതിയ മന്ദിരത്തിലാവും ഇനി മുതല്‍ പ്രവര്‍ത്തിക്കുക.

ഇപ്പോള്‍ 2 സ്ഥിരം ഡോക്ടര്‍മാരും എന്‍ എച്ച് എം, ഗ്രാമപഞ്ചായത്ത് വഴി നിയമിക്കപ്പെട്ടവരും ഉള്‍പ്പെടെ 4 ഡോക്ടര്‍മാരുടെ സേവനമാണ് ഇവിടെ ഉണ്ടാവുക. രാമപുരത്തിനായി സൗകര്യപ്രദമായ ആശുപത്രി എന്ന സ്വപ്നം സാക്ഷാത്കരിച്ച കെ എം മാണി സാറിന്‍റെ ഒന്നാം ഓര്‍മ്മദിനത്തിന് മുമ്പായി പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ദിവാകരന്‍, പഞ്ചായത്ത് പ്രസിഡന്‍റ് ബൈജു ജോണ്‍ പുതിയിടത്തുചാലില്‍, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് തോമസ് റ്റി കീപ്പുറം എന്നിവര്‍ പറഞ്ഞു. ഈ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലും ആശുപത്രിയുടെ വികസനത്തിനായി ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും തുക വകയിരുത്തിയിട്ടുണ്ട്.

×