അരുത് കാട്ടാളാ എന്നുപറയുന്നത് കാട്ടാളനോടുമാത്രമല്ല; എല്ലാ തിന്മകളോടും ക്രൂരതകളോടുമാണ് ; ‘മാനിഷാദാ…’ എന്ന രാമായണ സന്ദേശം!!

author-image
സത്യം ഡെസ്ക്
Updated On
New Update

സ്‌നേഹ വാത്സല്യത്തിന്റെ പരകോടിയില്‍ ആനന്ദിക്കുകയായിരുന്ന നിഷ്‌കളങ്കരായ ഇണക്കുരുവികളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയ വേടനോട് മഹാമുനി പറഞ്ഞു. ‘മാനിഷാദാ…’

Advertisment

‘മാനിഷാദാ…’ എന്നതാണ് രാമായണത്തിന്റെ സന്ദേശം. അരുത് കാട്ടാളാ എന്നുപറയുന്നത് കാട്ടാളനോടുമാത്രമല്ല; എല്ലാ തിന്മകളോടും ക്രൂരതകളോടുമാണ്.

publive-image

തമസാനദിയില്‍ സ്‌നാനം ചെയ്തുകൊണ്ടിരുന്ന വാല്മീകി മഹര്‍ഷിയാണ് മാനിഷാദാ… എന്നു വിലക്കിയത്. ഒരു വേടന്‍ ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്നിനെ അമ്പെയ്തു വീഴ്ത്തിയതു കണ്ടപ്പോള്‍ മഹര്‍ഷിയിലുണ്ടായ വികാരക്ഷോഭം, ഉല്‍ക്കടമായ ദുഃഖം ”മാനിഷാദ പ്രതിഷ്ഠാം…” എന്ന ശ്ലോക രൂപത്തില്‍ ലോകത്തിലെ ആദ്യ കവിതയായി പ്രവഹിക്കുകയായിരുന്നു.

ഈ സന്ദര്‍ഭത്തില്‍ അവിടെ എത്തിപ്പെട്ട ബ്രഹ്മാവ് ആ ശ്ലോകരൂപത്തില്‍ സൂര്യവംശത്തിലെ ശ്രീരാമചന്ദ്രന്റെ കഥ രചിക്കുവാന്‍ ഉപദ്ദേശിച്ചതായി ഐതിഹ്യം.

”ആരുണ്ടീലോകത്തില്‍ ഗുണവാനും വീര്യവാനും ആയിട്ടു മഹര്‍ഷേ, ഇത്തരമൊരാളെ അറിയാന്‍ കഴിവുള്ള ആളാണല്ലൊ അങ്ങ്.”വാല്മീകിയുടെ ഈ ചോദ്യത്തിനു നാരദന്‍ നല്‍കിയ മറുപടി ”അറിഞ്ഞുകൊണ്ടു ഞാന്‍ പറയാം. അല്ലയൊ മുനേ ഇക്ഷ്വാകു വംശത്തില്‍ പിറന്നവനും രാമനെന്ന പേരില്‍ ജനശ്രുതിയുള്ളവനുമായ ആ നരനെക്കുറിച്ച് അറിഞ്ഞാലും.” ഇങ്ങനെയാണ് രാമായണം രൂപപ്പെട്ടത്.

യഥാര്‍ത്ഥ നരനെ അവതരിപ്പിച്ച വാല്മീകിക്ക് യഥാര്‍ത്ഥ നാരിയെ അവതരിപ്പിക്കാതെ നിവൃത്തിയില്ലാതെ വന്നു. രാമായണം; രാമന്റെ അയനമായിരിക്കാം. എന്നാല്‍ അത് സീതയുടെ അയനം കൂടിയാണ്. രാമന്റെ ജീവിതത്തിനു പൂര്‍ണ്ണത കൊടുക്കാന്‍ മണ്ണിന്നടിയില്‍ നിന്നും കൊണ്ടുവരപ്പെട്ട ജാനകി; ദശരഥി. അങ്ങിനെയാണ് ഭാരതീയ സംസ്‌കാരത്തിന്റെ ഉറവ വറ്റാത്ത അമൃതധാരകളിലൊന്നായ വാല്മീകി രാമായണം രചിക്കപ്പെട്ടത്.

ഭാരതത്തിന്റെ ആദികാവ്യമായ രാമായണത്തില്‍ ശ്രീരാമന്റെ ജീവിതകഥയാണ് ഇതിവൃത്തം. വാല്മീകി രചിച്ച ഈ വിശ്വസാഹിത്യകൃതിയെ അവലംബമാക്കി മറ്റു പ്രശസ്ത സാഹിത്യകാരന്മാരും രാമായണം പലഭാഷകളിലുമായി എഴുതിയിട്ടുണ്ട്. വാല്മീകിക്ക് മുമ്പ് തന്നെ രാമകഥ ഉണ്ടായിരുന്നതായും വാമൊഴിയായി ദേശകാലാതിര്‍ത്തികള്‍ കടന്നു പ്രചരിക്കുകയും ഇങ്ങനെ കേട്ടറിഞ്ഞ രാമകഥ വരമൊഴിയായി രേഖപ്പെടുത്തിയത് വാല്മീകിയാവാം എന്നും ചരിത്രകാരന്മാര്‍ വ്യാഖ്യാനിക്കുന്നു.

5000 വര്‍ഷം പഴക്കമുള്ള രാമായണം കള്ളനില്‍ നിന്നും കവിയായി വളര്‍ന്ന വാല്മീകിയിലൂടെയാണ് ലഭ്യമായത്. 24,000 ശ്ലോകങ്ങളുള്ള രാമായണത്തിനു എത്രയോ വകഭേദങ്ങളുണ്ട്. ബാലകാണ്ഡം മുതല്‍ യുദ്ധകാണ്ഡം വരെയുള്ള ആറുഭാഗങ്ങളിലായിട്ടാണ് അദ്ധ്യാത്മ രാമായണം.

ഭാരതത്തില്‍ മാത്രമല്ല ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ, തായ്‌ലന്‍ഡ്, ബര്‍മ്മ, ലാവോസ്, കമ്പൂച്ചിയ തുടങ്ങിയ പലരാജ്യങ്ങളിലും രാമായണമുണ്ട്. ഒരു സമൂഹത്തില്‍ ആവശ്യമായ ധര്‍മ്മങ്ങള്‍, ആചാരമര്യാദകള്‍, ഉത്തമരാജനീതി, ജനക്ഷേമധര്‍മ്മം, പുത്രധര്‍മ്മം, സഹോദരസ്‌നേഹം എന്നിവ രാമായണത്തിലെ ആറുകാണ്ഡങ്ങളിലൂടെ (എഴുകാണ്ഡം) വ്യക്തമാക്കുന്നു. ഉത്തരകാണ്ഡത്തില്‍ വാല്മീകി തന്നെ രാമായണത്തിലെ ഒരു കഥാപാത്രമായി മാറുന്നു. രാമനെ ഉത്തമ പുരുഷനായി വാല്മീകി അവതരിപ്പിക്കുകയാണ്.

ഭാരതീയ സങ്കല്പമനുസരിച്ച് നാലു യുഗങ്ങളില്‍ ത്രേതായുഗത്തിലാണ് ശ്രീരാമാവതാരം. ശ്രീരാമനെ ദൈവമായി ആരാധിക്കുമ്പോഴും ശ്രീരാമന്‍ നരനാണൊ നാരായണനാണൊ എന്ന യുക്തിചിന്ത നമ്മെ സംശയത്തിലാക്കുന്നു. ധര്‍മ്മാധര്‍മ്മ വിചാരം മനസ്സില്‍ ഉണര്‍ത്തുകയും പാപചിന്തകളില്‍ നിന്നും മോചനം ലഭിക്കുകയും ചെയ്യുന്നു. ഒരു പ്രജക്ക് രാജാവിന്റെ ആത്മശുദ്ധിപോലും ചോദ്യം ചെയ്യാന്‍ കഴിയുന്ന ഒരു രാജ്യമായിരുന്നു വ്യവസ്ഥയായിരുന്നു, രാമായണം വിഭാവനം ചെയ്തത്.

വന്‍കരയിലെ വലിയൊരു ജനസമൂഹത്തിന്റെ ദേശീയതയുടെയും ആദ്ധ്യാത്മികതയുടെയും ഉല്‍കൃഷ്ടമായ മാനവികതയുടെയും രാജധര്‍മ്മത്തിന്റെയും ഉണര്‍ത്തുപാട്ടായി ഈരടികള്‍, തീര്‍ത്ഥജലമായി മനസ്സിലൂടെ കടന്നുപോകുമ്പോള്‍ വിശുദ്ധിയുടെ പാരമ്യത്തിലൂടെ സായൂജ്യമടയുന്നു. ആദ്ധ്യാത്മിക പൈതൃകത്തിന്റെ വിലപ്പെട്ട ഈടുവെപ്പാണ് രാമായണം.

ഇന്നും ഉസ്ബക്കിസ്ഥാന്‍ മുതല്‍ ഫിലിപ്പീന്‍സ് വരെയും മൗറീഷ്യസ് മുതല്‍ വിയറ്റ്‌നാം വരെയുമുള്ള പതിനാലോളം ഏഷ്യന്‍ രാജ്യങ്ങളിലെ സാംസ്‌കാരിക ജീവിതത്തില്‍ രാമായണത്തിനു സ്വാധീനമുണ്ട്. ജൈനമതത്തിലും രാമകഥയ്ക്ക് പ്രധാന സ്ഥാനമുണ്ട്. ശ്രീരാമനെ ശ്രീബുദ്ധന്റെ മുന്‍കാല ജന്മങ്ങളില്‍ ഒന്നായി കാണുന്നു. രാമനെ ബോധിസത്വന്‍ എന്നാണ് ബുദ്ധമതക്കാര്‍ വിളിക്കുന്നത്. ജൈനമത സാഹിത്യത്തില്‍ ‘രാമ ലവവണച്ചരിതം’, ‘സീതാചരിതം’ എന്നിങ്ങനെയുണ്ട്.

ചൈനീസ് ഭാഷയിലും ടിബറ്റന്‍ ഭാഷയിലും രാമായണമുണ്ട്. ഇന്തോനേഷ്യക്കാരുടെ ജീവിതത്തില്‍ രാമായണത്തിനു വളരെ സ്വാധീനമുണ്ട്. സേതുബന്ധനം, പ്രയാഗ, സരയൂ, അയോദ്ധ്യ എന്നിങ്ങനെയുള്ള പേരുകള്‍ അവിടെയുണ്ട്. തായ്‌ലന്‍ഡുകാരുടെ പഴയ തലസ്ഥാനം ‘അയോത്തീയ’ ആയിരുന്നു. അവിടത്തെ ചക്രവര്‍ത്തിയുടെ സ്ഥാനപ്പേര് ‘ഭൂമിബാല്‍ ശ്രീഅതുല്ല്യഭാഗ്യശ്രീരാമ’ എന്നാണ്. ശ്രീരാമനെ മതേതരത്വത്തിന്റെ പ്രതീകമായും നീതിമാനായും ചിലര്‍ ആദരിക്കുന്നു. പല മുസ്ലീം രാഷ്ട്രങ്ങളിലും രാമായണം ബാലെ രാമായണോത്സവങ്ങള്‍ നടക്കുന്നുണ്ട്.

ശ്രീരാമന്റ കാലഘട്ടത്തില്‍ വാല്മീകിയും ജീവിച്ചിരുന്നതായി പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അയോധ്യയുടെ തെക്കുഭാഗത്തുള്ള തമസ്സാനദി തീരത്തായിരുന്നു വാല്മീകിയുടെ ആശ്രമം. അവിടെ വെച്ചായിരുന്നു അദ്ദേഹം രാമായണം രചിച്ചത്. ക്രിസ്തുവിനും 800വര്‍ഷങ്ങള്‍ക്കുമുമ്പാണ് രാമായണം രചിക്കപ്പെട്ടതെന്ന് ആധുനിക ചരിത്രകാരന്മാര്‍ പറയുമ്പോള്‍ ഭാരതീയ വിശ്വാസമനുസരിച്ച് ത്രേത്രായുഗത്തിന്റെ അന്ത്യത്തിലാണ് ശ്രീരാമന്‍ വസിച്ചിരുന്നത്.

വരുണന്റെ പുത്രനായ വാല്മീകിക്കു കര്‍മ്മദോഷത്താല്‍ കൊള്ളക്കാരനായി വനത്തില്‍ കഴിയേണ്ടി വന്നു. സപ്തര്‍ഷികളാണ് രത്‌നാകരനെ വാല്മീകി മഹര്‍ഷിയാക്കി മാറ്റിയത്. ത്രേതായുഗത്തില്‍ ജീവിച്ചിരുന്ന ഒരു കാട്ടാളനായ രത്‌നാകരന്റെ ഭാര്യ അയാളോട് ചോദിച്ച ചോദ്യം ലോകനീതിയുടെ തത്ത്വശാസ്ത്രമായിരുന്നു. ”താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍; താന്താനനുഭവിച്ചീടുകെന്നെ വരൂ…”

ramayanam
Advertisment