സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് പറയാന്‍ വാളയാറിലെ കുടുംബാംഗങ്ങളെ തിരുവനന്തപുരത്ത് വിളിച്ചുവരുത്തി. മുഖ്യമന്ത്രി വാളയാറിലേയ്ക്ക് വരാഞ്ഞത് എന്തുകൊണ്ടാണ് ? സിബിഐ അന്വേഷിക്കേണ്ടത് കൊലപാതകമാണ്. അതിതുവരെ പോലീസ് അന്വേഷിച്ചിട്ടില്ല – മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

ന്യൂസ് ബ്യൂറോ, പാലക്കാട്
Friday, November 8, 2019

പാലക്കാട് : വാളയാർ സംഭവത്തിൽ സിബിഐ അന്വേഷണം നടത്തുന്നതിൽ സർക്കാരിന് മുന്‍പില്‍ യാതൊരു തടസ്സങ്ങളുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

രണ്ടു പെൺകുട്ടികൾ മരിച്ച സംഭവത്തിൽ നടന്നത് ഭാഗികമായ അന്വേഷണം മാത്രമാണ്. വാളയാര്‍ കേസില്‍ കൊലപാതകം അന്വേഷിച്ചിട്ടില്ല . സര്‍ക്കാര്‍ പ്രതികള്‍ക്കൊപ്പം ആയിരുന്നു.

സിബിഐ അന്വേഷണത്തിന് കാര്യത്തിൽ മുഖ്യമന്ത്രി പറയുന്നത് വാസ്തവവിരുദ്ധമായ കാര്യങ്ങൾ മാത്രമാണ് ആദ്യ പെൺകുട്ടിയുടെ മരണത്തിൽ കൊലപാതകം അന്വേഷിക്കാത്ത സാഹചര്യത്തിൽ ഈ കേസിൽ വീണ്ടും മജിസ്ട്രേറ്റ് കോടതിയെ സമീപിച്ച വീണ്ടും കേസെടുക്കാൻ കഴിയും .

പെൺകുട്ടികളുടെ കുടുംബത്തോട് കേസിന് പോകാനാണ് മുഖ്യമന്ത്രി പറഞ്ഞത്, അതും ഈ പാവങ്ങളെ തിരുവനന്തപുരത്ത് വിളിച്ചു വരുത്തി കഷ്ടപ്പെടുത്തുകയായിരുന്നു മുഖ്യമന്ത്രി.

പെൺകുട്ടികളുടെ കുടുംബത്തിന് നിയമ സഹായം ലഭ്യമാക്കാൻ പ്രതിപക്ഷം തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു. വി കെ ശ്രീകണ്ഠൻ എംപി, മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ്, ദീപ്തി മേരി വർഗീസ്, വി എസ് വിജയരാഘവൻ എക്സ് എംപി തുടങ്ങി പ്രമുഖ കോൺഗ്രസ് നേതാക്കൾ പ്രതിപക്ഷ നേതാവിനെ അനുഗമിച്ചു.

 

×