Advertisment

ജനപക്ഷത്തു നിന്ന് ക്രിയാത്മക പ്രതിപക്ഷമായാണ് അഞ്ചു വര്‍ഷവും പ്രവര്‍ത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; പിന്തുണയ്ക്കേണ്ടതിനെ പിന്തുണച്ചു; സർക്കാരിന്റെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു; ഇടതുപക്ഷം പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ചെയ്യുന്നതുപോലെ സ്പീക്കറുടെ കസേര തല്ലിപ്പൊളിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്‌

New Update

publive-image

Advertisment

തിരുവനന്തപുരം: അന്തസ്സുളള നിയമസഭാ പ്രവര്‍ത്തനമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം യു.ഡി.എഫ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപക്ഷത്ത് നിന്ന് ക്രിയാത്മക പ്രതിപക്ഷമായാണ് പ്രവര്‍ത്തിച്ചതെന്നും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് ചെന്നിത്തല വിശദീകരിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്...

നിയമസഭാ സമ്മേളനങ്ങൾക്ക് തിരശ്ശീല വീണു. ഇടതു ഭരണം അവസാനിക്കാൻ ഇനി ഏതാനും മാസങ്ങൾ മാത്രം. ജനപക്ഷത്തു നിന്ന് ക്രിയാത്മക പ്രതിപക്ഷമായാണ് ഈ അഞ്ചുവർഷവും ഞങ്ങൾ പ്രവർത്തിച്ചത്. പിന്തുണയ്ക്കേണ്ടതിനെ പിന്തുണച്ചു.

സർക്കാരിന്റെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുകൊണ്ടുവന്നു. ഇടതുപക്ഷം പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ ചെയ്യുന്നതുപോലെ സ്പീക്കറുടെ കസേര തല്ലിപ്പൊളിക്കുകയോ എല്ലാത്തിനെയും കണ്ണുമടച്ച് എതിര്‍ക്കുകയോ ചെയ്തിട്ടില്ല. ഭരണ പക്ഷത്തിന്റെ ചെയ്തികൾക്കു നേരെ 24 മണിക്കൂറും തുറന്നു വച്ച കണ്ണുകളായിട്ടാണ് പ്രതിപക്ഷം പ്രവര്‍ത്തിച്ചത്.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങൾ വളരെ സൂക്ഷമായി പിന്തുടര്‍ന്നിരുന്നതിനാലാണ് ചരിത്രത്തിലുണ്ടാകാത്ത വിധം ഇത്രയേറെ അഴിമതികള്‍ പുറത്തുകൊണ്ടുവരാനായതും പലതും സര്‍ക്കാരിനെക്കൊണ്ട് തിരുത്തിക്കാന്‍ കഴിഞ്ഞതും. പ്രതിപക്ഷത്തിന്റെ ജാഗ്രത ഭരണപക്ഷത്തെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. 'വല്ലതുമുണ്ടോ എന്ന് നോക്കി നടക്കുകയല്ലേ' എന്ന് മുഖ്യമന്ത്രി തന്നെ ‘സഹികെട്ട് ‘ ഒരിക്കല്‍ ചോദിച്ചത് ഇതുകാരണമാണ്.

ജനാധിപത്യ പ്രക്രിയയില്‍ ജനങ്ങളുടെ കാവലാളായാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളുടെ അവകാശങ്ങളിന്മേല്‍ ഭരണാധികാരികള്‍ നടത്തുന്ന കയ്യേറ്റത്തെ തടയുകയും അഴിമതികള്‍ പുറത്തുകൊണ്ടുവരികയും ചെയ്യേണ്ടതാണ് പ്രതിപക്ഷത്തിന്റെ പ്രാഥമിക കടമ. അതോടൊപ്പം സംസ്ഥാനത്തെ പൊതുവായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ ജനങ്ങളുടെ പക്ഷത്തുനിന്നുകൊണ്ട് സര്‍ക്കാരുമായി സഹകരിക്കുകയും വേണം. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അഴിമതിക്കെതിരെയും ഉജ്വലമായ പോരാട്ടമാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രതിപക്ഷം നിയമസഭയില്‍ നടത്തിയത്.

രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ തലശ്ശേരിയിലെ കൂട്ടിമാക്കൂലില്‍ പട്ടികവിഭാഗത്തില്‍പ്പെട്ട രണ്ടുപെണ്‍കുട്ടികളെ കൈക്കുഞ്ഞടക്കം ജയിലിടച്ചുകൊണ്ടാണ് പിണറായി സർക്കാർ പ്രവര്‍ത്തനം തുടങ്ങിയത്. മസാലാ ബോണ്ടിലെ അഴിമതി മൂടിവയ്ക്കാന്‍ ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ച് സി.എ.ജി.യുടെ കണ്ടെത്തലുകള്‍ നീക്കം ചെയ്യാന്‍ നിയമസഭയെ ദുരുപയോഗപ്പെടുത്തുക എന്ന വിനാശകരമായ കര്‍മ്മം ചെയ്തുകൊണ്ടാണ് നിയമസഭയുടെ സമ്മേളനം ഇന്നലെ അവസാനിച്ചത്.

കൂട്ടിമാക്കൂലിലെ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ അടിയന്തരപ്രമേയം കൊണ്ടുവന്ന് സഭാതലത്തില്‍ പ്രതിപക്ഷം ആരംഭിച്ച പോരാട്ടം സമ്മേളത്തിന്റെ അവസാന ദിവസം ഭരണഘടനയുടെ കഴുത്ത് ഞെരിക്കുന്ന ഹീനകൃത്തിനെതിരെയുള്ള ചെറുത്തുനിൽപ്പ് വരെ അഭംഗുരം തുടര്‍ന്നു.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റത്തിന്റെ പിന്നാലെ പുനരാരംഭിച്ച രാഷ്ട്രീയ കൊലപാതകങ്ങളുടെ കുത്തൊഴുക്കു മുതല്‍ പച്ചയായ മനുഷ്യരെ പൊലീസ് പിടികൂടി ലോക്കപ്പിലിട്ട് തല്ലിക്കൊല്ലുന്ന ക്രൂരതയുടെ അഴിഞ്ഞാട്ടം വരെയുള്ള കാര്യങ്ങളില്‍ നിയമസഭയെ പ്രതിപക്ഷം പ്രതിഷേധത്തിൻ്റെ പോരാട്ടവേദിയാക്കി. ഇ.പി. ജയരാജന്റെ ബന്ധുനിയമനത്തില്‍ തുടങ്ങി പി.എസ്.സി.യെ നോക്കുകുത്തിയാക്കി നടത്തിയ പിന്‍വാതില്‍ നിയമനങ്ങള്‍ വരെ യോഗ്യരായ യുവാക്കളുടെ അവകാശങ്ങളിന്മേല്‍ നടത്തിയ കയ്യേറ്റത്തിനെതിരെയും നിയമസഭയില്‍ പ്രതിപക്ഷം ചെറുത്തുനില്പ് നടത്തി.

നിയമാനുസൃതമായ ഓഡിറ്റ് പോലും നിഷേധിച്ച് കിഫ്ബിയുടെ മറവില്‍ നടത്തുന്ന വന്‍ കൊള്ളയടി മുതല്‍ നിയമസഭയില്‍ നടത്തിയ കോടികളുടെ ധൂര്‍ത്തും വെട്ടിപ്പും വരെ പ്രതിപക്ഷം പുറത്തുകൊണ്ടുവന്ന അഴിമതികള്‍ നിരവധിയാണ്. മകന്റെ ഘാതകരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്തെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയെ നടുറോഡിലൂടെ വലിച്ചിഴച്ചത് മുതല്‍ മാവോയിസ്റ്റുകളെ പച്ചക്ക് വെടിച്ചുകൊന്നതുവരെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷം സഭയില്‍ പോരാട്ടം നടത്തി.

വാളയാറിലെ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതു

മുതല്‍ പ്രമുഖനടി നടുറോഡില്‍ പീഡിപ്പിക്കപ്പെട്ടതുവരെ നിരന്തരമുണ്ടായ സ്ത്രീപീഡനങ്ങള്‍ക്കെതിരെ സഭയില്‍ നിരന്തരമായി പ്രതിപക്ഷം കലഹിച്ചു.

അലനും താഹയുമെന്ന സി.പി.എമ്മിന്റെ സ്വന്തം ചെറുപ്പക്കാരെ സി.പി.എം നയിക്കുന്ന സര്‍ക്കാര്‍ തന്നെ യു.എ.പി.എ ചുമത്തി കാരഗൃഹത്തിലടച്ചതു മുതല്‍ ആന്തൂരില്‍ സാജന്‍ എന്ന സി.പി.എം അനുഭാവിയായ പ്രവാസി സംരംഭകനെ സി.പി.എം നേതാക്കള്‍ തന്നെ വേട്ടയാടി മരണത്തിലേക്ക് തള്ളിവിട്ട ഭരണകൂട ഭീകരതയ്ക്ക് എതിരെയും നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.

ബ്രുവറി -ഡിസ്റ്റിലറി തട്ടിപ്പുമുതല്‍ പമ്പാമണല്‍ കടത്ത് വരെ ഒട്ടേറെ അഴിമതികള്‍ അവസാനിപ്പിക്കാനും സര്‍ക്കാരിനെ കൊണ്ട് തിരുത്തിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു.

ജനകീയ പ്രശ്നങ്ങളില്‍ സര്‍ക്കാരിനോടൊപ്പം സര്‍വ്വാത്മനാ സഹകരിച്ചു.കേരളത്തിന്റെ അടിത്തറ തകര്‍ത്ത മഹാപ്രളയം, സംസ്ഥാനത്തെ ഭയചകിതമാക്കിയ നിപ, കോവിഡ് ബാധ തുടങ്ങിയ പ്രശ്നങ്ങളില്‍ നിയമസഭയില്‍ സര്‍ക്കാരിന് കലവറയില്ലാത്ത പിന്തുണയാണ് ഞങ്ങൾ നല്‍കിയത്. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രത്യേക സമ്മേളനം ചേരണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷമായിരുന്നു. നോട്ട് നിരോധനം, കന്നുകാലി കടത്ത് പ്രശ്നം, സര്‍ഫാസി നിയമം തുടങ്ങി കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരെ ജനപക്ഷത്തുനിന്ന്കൊണ്ട് സര്‍ക്കാരിനോട് പ്രതിപക്ഷം സഹകരിച്ചു.

ലോകകേരള സഭ എന്ന പുതിയ ആശയം ഭരണപക്ഷം മുന്നോട്ടുവച്ചപ്പോള്‍ പ്രതിപക്ഷം ആദ്യം സര്‍വ്വാത്മനാ പിന്തുണച്ചു. ആദ്യ സമ്മേളനത്തില്‍ ഭരണപക്ഷത്തോടൊപ്പം തോളോട് തോള്‍ ചേര്‍ന്നാണ് പ്രതിപക്ഷം സഹകരിച്ചത്. എന്നാല്‍ അത് ധൂര്‍ത്തിനും പൊങ്ങച്ചം കാണിക്കാനുമുള്ള ഒരു വേദി മാത്രമായി മാറുകയും ഇവിടെ സംരംഭം തുടങ്ങാന്‍ വന്ന പ്രവാസികളായ പുനലൂരിലെ സുഗതനും ആന്തൂരിലെ സാജനും ആത്മഹത്യ ചെയ്യേണ്ടി വന്നപ്പോള്‍ ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷത്തിന് പിന്മാറേണ്ടി വന്നു.

സ്പീക്കറുടെ വേദി തല്ലിത്തകര്‍ക്കുക, സ്പീക്കറുടെ കസേര വലിച്ച് താഴേക്ക് എറിയുക തുടങ്ങി ഇടതുപക്ഷം ചെയ്തതുപോലുള്ള കോപ്രായങ്ങള്‍ക്ക് യു.ഡി.എഫ് മുതിര്‍ന്നതേയില്ല. അന്തസ്സുള്ള നിയമസഭാപ്രവര്‍ത്തനമാണ് യു.ഡി.എഫ് നടത്തിയത്. ഒരിക്കല്‍പോലും സ്പീക്കറുടെ വേദിയിലേക്ക് കയറി പ്രതിഷേധിച്ചില്ല. തീരെ നിവൃര്‍ത്തിയില്ലാത്ത ഘട്ടങ്ങളില്‍ മാത്രമേ നടുത്തളത്തിലിറങ്ങിയുള്ളു.

Advertisment