തിരുവനതപുരം: സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് സംബന്ധിച്ച് അദാനിയുമായുള്ള സർക്കാരിൻ്റെ നേരിട്ടുള്ള ഒരു കരാർ കൂടി പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
അദാനിയുമായി ഇതുവരെ സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ഒരു കരാറും ഉണ്ടാക്കിയിട്ടില്ല എന്നാണല്ലോ മന്ത്രി എം.എം.മണി ഇന്നലെ പറഞ്ഞത്. എന്നാല്‍ അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിന് സംസ്ഥാന ഇലക്ട്രിസിര്റി ബോര്‍ഡ് മറ്റൊരു കരാര്‍ നേരിട്ടു തന്നെ കഴിഞ്ഞമാസം ഉണ്ടാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .
സംസ്ഥാന ഇലക്ട്രിസിര്റി ബോര്‍ഡിന്റെ 15.2.2021 ന് ചേര്‍ന്ന ഫുള്‍ടൈം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്സില്‍ അജണ്ട 47.2.2021 ആയി അദാനിയില്‍നിന്ന് നേരിട്ടു കറന്റ് വാങ്ങുന്നതിനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്.
2021 ഏപ്രില്‍ - മെയ് മാസങ്ങളില്‍ (അതായത് ഈ മാസങ്ങളില്‍) അദാനിയില്‍നിന്ന് കറന്റ് വാങ്ങാനാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
അതിനാല്‍ അദാനിയെ കണ്ടിട്ടില്ല, കേട്ടിട്ടില്ല, എന്ന് പറയുന്നത് ശരിയല്ല, പക്ഷേ ഇത് നേരത്തെ പറഞ്ഞ കരാറല്ല, വേറെ കരാറാണ് - അദ്ദേഹം പറഞ്ഞു.
വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നത് പോലെ എന്തിലും അഴിമതി നടത്താനുള്ളസംസ്ഥാന സര്‍ക്കാരിന്റെ വൈഭവമാണ് ഈ ഇടപാടില്‍ തെളിഞ്ഞു കാണുന്നത്. Renewal Purchase Obligation (RPO) യുടെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള ഈ കരാറില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെടുന്നു.
പിണറായി വിജയന്‍ ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും അദാനിയെ സഹായിക്കുന്ന കാഴ്ചയാണ് കെ.എസ്.ഇ.ബി. കരാറിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഇടതുകൈകൊണ്ട് തിരുവനന്തപുരം വിമാനത്താവള കാര്യത്തില്‍ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ത്തി എന്ന് വരുത്തിത്തീര്‍ക്കുകയും വലതുകൈകൊണ്ട് അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകളെ സ്വീകരിക്കുകയും ചെയ്യുന്ന പിണറായിയുടെ പുതിയ തന്ത്രമാണ് ഈ കരാറിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഈ അന്തര്‍ധാരയില്‍ പിണറായിയ്ക്ക് രാഷ്ട്രീയമായും സാമ്പത്തികമായും നേട്ടമാണുള്ളത്. പിണറായിക്കെതിരായ അന്വേഷണങ്ങള്‍ എവിടെയും എത്താത്തിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് മനസ്സിലായത്.
മോദിക്കും പിണറായിയ്ക്കും ഇടയിലെ ഒരു പാലമാണ് അദാനിയെന്ന് ഇതോടെ വ്യക്തമാകുകയാണ്. ഈ ബന്ധം ഈ തിരഞ്ഞെടുപ്പില്‍ വോട്ടാക്കിമാറ്റുകയാണ് പിണറായിയുടെ ലക്ഷ്യം.
പിണറായി നയിക്കുന്ന ഇടതുപക്ഷസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കീഴടങ്ങി എന്ന പൊതുചര്‍ച്ച ശരിയാണെന്നതാണ് ഇത്തരം ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക വഴി പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം താത്പര്യത്തിനും സാമ്പത്തിക ലാഭത്തിനു വേണ്ടിയുള്ള ഇത്തരം ഇടപാടുകള്‍ മാര്‍ക്‌സിറ്റ് അണികളോട് കാട്ടുന്ന കടുത്ത വഞ്ചനയാണ് - ചെന്നിത്തല ആരോപിച്ചു .