ഡോക്ടറാക്കാന്‍ സ്കൂളിലേയ്ക്ക് അയച്ച മകന്‍ താന്‍ പഠിപ്പിക്കുന്ന സ്കൂളിൽ സമരം വിളിച്ചപ്പോള്‍ മകനെ വീട്ടില്‍ കയറ്റുന്നത് അച്ഛന്‍ വിലക്കി. രാത്രി വൈകി മകന്‍ ഒളിച്ചും പാത്തും വീട്ടിലെത്തുമ്പോള്‍ ഉറങ്ങാതെ കാത്തിരുന്നു അത്താഴം നല്‍കിയ അമ്മയുടെ കരുതലാണ് രാഷ്ട്രീയത്തില്‍ ഊര്‍ജമായതെന്നു പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, May 10, 2020

തിരുവനന്തപുരം : ഡോക്ടറാക്കാന്‍ സ്കൂളിലേയ്ക്ക് അയച്ച മകന്‍ നീലപതാകയും പിടിച്ചു താന്‍ പഠിപ്പിക്കുന്ന സ്കൂളിൽ സമരം വിളിച്ചത് ഇഷ്ടപ്പെടാതെ മകനെ വീട്ടില്‍ കയറ്റുന്നത് അച്ഛന്‍ വിലക്കിയപ്പോഴും അമ്മ ഉറങ്ങാതെ കാത്തിരുന്നു അത്താഴം നല്‍കിയ അനുഭവം പങ്കുവച്ച് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. മാതൃദിനത്തില്‍ അമ്മയെക്കുറിച്ചെഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് ചെന്നിത്തലയുടെ കുട്ടിക്കാല സ്മരണകള്‍.

രമേശ്‌ ചെന്നിത്തലയുടെ അച്ഛൻ രാമകൃഷ്ണൻ നായർ മഹാത്മാ സ്‌കൂളില്‍ അധ്യാപകനായിരുന്നു.  അതേ സ്‌കൂളിലാണ് അദ്ദേഹം മകനെയും ചേര്‍ത്തത് . പഠനത്തില്‍ മിടുക്കനായിരുന്ന മകനെ ഡോക്ടറാക്കാനായിരുന്നു അച്ഛന് ആഗ്രഹം. പക്ഷേ മകന്‍ തെരഞ്ഞെടുത്തത് കേരളാ സ്റ്റുഡന്റ്സ് കോണ്‍ഗ്രസിന്‍റെ നീലപ്പതാകയായിരുന്നു. എന്ന് മാത്രമല്ല അച്ഛന്‍ അധ്യാപകനായ സ്കൂളില്‍ കെ.എസ്.യു വിന്റെ നീലപതാകയും പിടിച്ചു സമരം സംഘടിപ്പിച്ചു. അച്ഛന് അത് വലിയ സങ്കടമായി.

വൈകിട്ട് വീട്ടിലെത്തിയ രാമകൃഷ്ണൻ നായർ മകന്‍ എത്തിയാല്‍ വാതിൽ തുറക്കരുതെന്നും അത്താഴം നൽകരുതെന്നും ഭാര്യയോടു ആവശ്യപ്പെട്ടിരുന്നു.  മകനാണെങ്കില്‍ അച്ഛന്‍ ഉറങ്ങിയിട്ട് വീട്ടില്‍ കയറാന്‍വേണ്ടി കാത്തിരിക്കും . രാത്രി മകനെത്തുമ്പോള്‍ അമ്മ അച്ഛന്‍ കാണാതെ കാത്തിരുന്നു വാതില്‍ തുറന്നുകൊടുത്ത് ഭക്ഷണം കൊടുക്കും.  മിക്കവാറും സഹപ്രവർത്തകർ കൂടെ ഉണ്ടാകും. അതിനാല്‍ മകന് മാത്രമല്ല രണ്ട് മൂന്ന് പേർക്കുള്ള ഭക്ഷണംകൂടി അമ്മ കരുതിവയ്ക്കുമായിരുന്നു.

അതിരാവിലെ അച്ഛന്‍ ഉണരും മുന്‍പേ വീടുവിട്ട് ഇറങ്ങുകയും ചെയ്യും. അന്ന് അമ്മ നൽകിയ ഈ പിന്തുണയാണ് രാഷ്ട്രീയത്തിൽ തുടർന്നും പ്രവർത്തിക്കാൻ ഊർജ്ജമായതെന്ന് ചെന്നിത്തല തന്‍റെ കുറിപ്പില്‍ പറയുന്നു. പിന്നീട് തന്‍റെ കാര്യത്തില്‍ അച്ഛന്‍ ആഗ്രഹിച്ചത് മകനിലൂടെയാണ് അദ്ദേഹം സാധിച്ചു കൊടുത്തത്.

മകന്‍ രോഹിതും ഭാര്യയും ഡോക്ടര്‍മാരാണ്. ഇളയ മകന്‍ രമിത് സിവില്‍ സര്‍വീസ് പരീക്ഷയിലും വിജയം നേടിയിരുന്നു.

പ്രതിപക്ഷ നേതാവിന്‍റെ കുറിപ്പ് വായിക്കാന്‍ :

https://www.facebook.com/photo?fbid=3140302439361574&set=a.829504060441435 

×