ഭൂമിയുമായി ബന്ധപ്പെട്ട തർക്കം; ജാർഖണ്ഡിൽ രണ്ട് കുട്ടികളെ തല്ലിക്കൊന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 27, 2021

റാഞ്ചി: ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ രണ്ട് കുട്ടികളുടെ ജീവൻ പൊലിഞ്ഞു. ജാർഖണ്ഡിലെ റാഞ്ചിയിൽ ഞായറാഴ്ച്ചയാണ് രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. റാഞ്ചിയിലെ ചാഹോയിലെ പാടത്തിന് സമീപത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഭൂമിത്തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

മനീഷ് ഒറാൻ(12), ഗണേഷ് ഭഗത്(16) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. കുട്ടികളുടെ മൃതദേഹത്തിന് സമീപത്തു നിന്ന് കൊല്ലാൻ ഉപയോഗിച്ച വടിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മൂന്ന് പേരെ ഇതിനകം പൊലീസ് പിടികൂടിയിട്ടുണ്ട്. ഇവർക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്. പാടത്തുള്ള വിശ്രമപുരയിൽ തൂങ്ങിയ നിലയിലാണ് മനീഷ് ഓറയുടെ മൃതദേഹം കണ്ടെത്തിയത്. വിശ്രമപുരയ്ക്കുള്ളിലായിരുന്നു ഗണേഷ് ഭഗത്തിന്റെ മൃതദേഹം.

കുട്ടികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഗ്രാമവാസികൾ ദേശീയ പാത ഉപരോധിച്ചു. റാഞ്ചി-പലാമു ദേശീയ പാതയാണ് ഗ്രാമവാസികൾ ഉപരോധിച്ചത്. കുട്ടികളുടെ മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയ വടി ഉപയോഗിച്ചാണ് കൊലപാതകമെന്നാണ് പൊലീസ് നിഗമനം.

ഗണേഷ് ഭഗത്തിന്റെ പിതാവിന്റെ കൃഷിഭൂമിയുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. മകൻ പാടത്തേക്ക് പ്രവേശിക്കുന്നത് ചില കുട്ടികൾ തടഞ്ഞിരുന്നതായി ഗണേഷിന്റെ പിതാവ് പറയുന്നു. പാടത്ത് പ്രവേശിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ചിലർ ഭീഷണിപ്പെടുത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്.

×