അപ്പന്‍.. അമ്മ .. മകന്‍ ! റാന്നിയില്‍ റിങ്കു ചെറിയാന്‍റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കുടുംബവാഴ്ച ആരോപണവുമായി കോണ്‍ഗ്രസില്‍ കലാപം ! മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി വന്‍മുന്നേറ്റം നടത്തിയപ്പോള്‍ ചക്കുളത്തി പോരുമായി കോണ്‍ഗ്രസ് !

ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Monday, March 15, 2021

പത്തനംതിട്ട : റാന്നി സ്ഥാനാര്‍ഥി നിര്‍ണയത്തെചൊല്ലി കോൺഗ്രസ്സിൽ കലാപം. റാന്നി സീറ്റ് കുടുംബസ്വത്താക്കി മാറ്റിയെന്ന പേരിലാണ് പാര്‍ട്ടിയില്‍ അമർഷം പുകയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച മറിയാമ്മ ചെറിയാന്‍റെ മകന്‍ റിങ്കു ചെറിയാന് സീറ്റ് നല്കിയതില്‍ പ്രതിക്ഷേധിച്ചാണ് പ്രവര്‍ത്തകരുടെ മുന്നേറ്റം.

ഇടതുമുന്നണി സ്ഥാനാര്‍ഥി പ്രമോദ് നാരായൺ പ്രചരണത്തിൽ ബഹുദൂരം മുന്നിൽ നില്‍ക്കുമ്പോഴാണ് റാന്നിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ പേരില്‍ യു ഡി എഫില്‍ വിവാദങ്ങള്‍ പുകയുന്നത് .

റാന്നി സീറ്റിൽ കുടുംബവാഴ്ച ആണെന്നാണ് പ്രധാന വിമര്‍ശനം. റിങ്കു ചെറിയാന്റെ പിതാവ് രണ്ട് തവണ എം എൽ എയും, അതിന് ശേഷം രണ്ട് തവണ മത്സരിച്ച് തോറ്റ വ്യക്തിയുമാണ്.

കഴിഞ്ഞ തവണ മത്സരിച്ചത് അദ്ദേഹത്തിന്റെ മാതാവാണെന്നും അവർ തോറ്റിട്ടും ആ സീറ്റ് ഇത്തവണയും ആ കുടുംബത്തിന് തന്നെ നൽകിയത് അംഗീകരിക്കാൻ ആവില്ലായെന്നും ഒരു പറ്റം കോൺഗ്രസ്സ് പ്രവർത്തകർ പറയുന്നു. കോൺഗ്രസ്സ് ഭാരവാഹികൾ ഉൾപ്പടെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് നേതൃത്വത്തിന് കത്ത് നൽകിയിരുന്നു.

കോൺഗ്രസ്സിലെ കുടുംബാധിപത്യം ഗാന്ധി കുടുംബത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല എന്നാണ് റാന്നിയിലെ ഇപ്പോഴത്തെ ചർച്ച. പ്രചരണവുമായി ബഹുദൂരം മുന്നിൽ പോയ ഇടതുപക്ഷം ആവട്ടെ വളരെ ആത്മവിശ്വാസത്തിലാണ്.

അതേസമയം സിറ്റിംഗ് എം എല്‍ എയെ മാറ്റി ഘടക കക്ഷിക്ക് നല്കിയ സീറ്റായിട്ടും ഇടതുപക്ഷത്ത് പൂര്‍വ്വാധികം ഐക്യത്തോടെയാണ് പ്രചാരണം മുന്നോട്ട് പോകുന്നത്. പ്രമോദ് നാരായണനെ ഇടതു പ്രവര്‍ത്തകര്‍ ഏറ്റെടുത്തതോടെ പ്രചാരണം വലിയ രീതിയിൽ മുന്നേറുകയാണ്.

1996 മുതല്‍ റാന്നി എൽ ഡി എഫ് പക്ഷത്തു ഉറച്ചു നില്‍ക്കുന്ന മണ്ഡലമാണ് .

×