കായംകുളത്ത് താമസിക്കുന്ന നേപ്പാൾ സ്വദേശിയുടെ 13 വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Wednesday, July 17, 2019

കായംകുളം:  കായംകുളത്ത് താമസിക്കുന്ന നേപ്പാൾ സ്വദേശിയുടെ 13 വയസുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൃഷ്ണപുരം സ്വദേശി നിധീഷാണ് അറസ്റ്റിലായത്. മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം.

നേപ്പാൾ സ്വദേശിയുടെ വീട്ടിലേക്ക് പ്രതിയായ നിധീഷ് വാതിൽതുറന്ന് അകത്തു കയറി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് അടുത്ത മുറിയിൽ ഉണ്ടായിരുന്ന അച്ഛനും അമ്മയും ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

ഉടൻ തന്നെ  മാതാപിതാക്കള്‍ സംഭവം കായംകുളം പൊലീസില്‍ അറിയിച്ചു. രാത്രി വൈകിയും പൊലീസ് പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഒടുവില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് നിധീഷ് പിടിയിലാകുന്നത്.  കഴിഞ്ഞ കുറേ ദിവസങ്ങളായി പെൺകുട്ടിക്ക് പിന്നാലെ പ്രതി ഉണ്ടെന്ന് പൊലീസ് പറയുന്നു. കൂട്ടുകാർക്കൊപ്പം മദ്യപിച്ച ശേഷമാണ് രാത്രി വീടിനുള്ളിൽ അതിക്രമിച്ചു കയറിയത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം  പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

×