അമ്മയും മകളും ഒരേ ദിവസം ഒരേ വേദിയിൽ തന്നെ വിവാഹിതരായി; വിധവയായ 53കാരിക്ക് താലി ചാർത്തിയത് ഭർത്യസഹോദരൻ !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, December 13, 2020

ലക്നൗ: അമ്മയും മകളും ഒരേ ദിവസം ഒരേ വേദിയിൽ തന്നെ വിവാഹിതരായെന്ന വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഉത്തർപ്രദേശിലെ ഗോരഖ്പുരില്‍’ മുഖ്യമന്ത്രി സാമൂഹിക് വിവാഹ് യോജന’യുടെ കീഴില്‍ നടന്ന സമൂഹവിവാഹ വേദിയാണ് അമ്മയും മകളും വധുവായി എത്തിയ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. ഇവർ ഉൾപ്പെടെ 63 ദമ്പതികളാണ് അന്നത്തെ സമൂഹ വിവാഹച്ചടങ്ങിൽ പുതിയ ജീവിതത്തിലേക്ക് ചുവടു വച്ചത്.

53 കാരിയായ ബേലി ദേവിയാണ് മകൾക്കൊപ്പം വധുവായി ചടങ്ങിനെത്തിയത്. 25 വർഷം മുമ്പാണ് ഇവരുടെ ഭർത്താവ് ഹരിധർ മരിച്ചത്. ഇയാളുടെ ഇളയസഹോദരൻ ജഗദീഷ് ആണ് ബേലി ദേവിയെ താലി ചാർത്തി ജീവിത പങ്കാളിയാക്കിയത്. കർഷകനായ ഇയാൾ അവിവാഹിതനായിരുന്നു.

ബേലിയുടെ ഇളയമകൾ ഇന്ദുവിന്‍റെ (27) വിവാഹവും ഇതേചടങ്ങിൽ തന്നെ നടന്നു. ‘എന്‍റെ രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും നേരത്തെ തന്നെ വിവാഹിതരായി. ഇപ്പോൾ ഇളയമകൾ കൂടി വിവാഹിതയാകാൻ തീരുമാനിച്ചതോടെയാണ് പുതിയ ജീവിതത്തെക്കുറിച്ച് ചിന്തിച്ചത്. മക്കളും ഇക്കാര്യത്തിൽ സന്തോഷം അറിയിച്ചിട്ടുണ്ട്’ ബേലി ദേവി പറയുന്നു.

29കാരനായ രാഹുൽ ആണ് ഇന്ദുവിന്‍റെ വരൻ. ‘അമ്മയും ചെറിയച്ചനും ആണ് ഇതുവരെ ഞങ്ങളുടെ എല്ലാക്കാര്യങ്ങളും ശ്രദ്ധിച്ചിരുന്നത്. ഇപ്പോൾ അവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ വളരെ സന്തോഷമുണ്ട് എന്നാണ് മകളായ ഇന്ദു പറയുന്നത്.

×