ഇരുപത്തഞ്ച് വര്‍ഷം മുമ്പ് അബദ്ധത്തില്‍ വിഴുങ്ങിയ വിസില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; കാല്‍ നൂറ്റാണ്ടിന് ശേഷം പുറത്തെടുത്തത് മട്ടന്നൂര്‍ സ്വദേശിയായ 40-കാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ വിസില്‍

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Thursday, February 18, 2021

മട്ടന്നൂർ: ഇരുപത്തഞ്ച് വര്‍ഷം മുമ്പ് അബദ്ധത്തില്‍ വിഴുങ്ങിയ വിസില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കണ്ണൂര്‍, മട്ടന്നൂര്‍ സ്വദേശിയായ 40-കാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ വിസിലാണ് കാല്‍ നൂറ്റാണ്ടിന് ശേഷം പുറത്തെടുത്തത്.

രണ്ട് ദശാബ്ദമായി തന്നെയലട്ടിയ ചുമയുമായാണ് യുവതി ആശുപത്രിയിലെത്തിത്. പരിശോധനയില്‍ വിസില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ശസ്ത്രക്രിയയക്ക് വിധേയയാക്കുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ യുവതിയെ പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.

ഡോക്ടര്‍മാരായ രാജീവ്, ഡോ. പത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്വാസനാളത്തില്‍ തങ്ങിനിന്ന വിസില്‍ പുറത്തെടുത്തു. കുട്ടിക്കാലത്ത് കളിക്കുന്നതിനിടയില്‍ വിഴുങ്ങിയ വിസില്‍ ‘ബ്രോങ്കോസ്‌കോപ്പി'(ക്യാമറ ഘടിപ്പിച്ച കുഴല്‍ ഉപയോഗിച്ചുള്ള പരിശോധന)യിലൂടെ പുറത്തെടുക്കുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആത്‌സ്മ മൂലമാണ് തനിക്ക് ശ്വാസതടസമുണ്ടാകുന്നതെന്നാണ് യുവതി ഇത്രയും നാള്‍ കരുതിയിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം യുവതിക്ക് ഇപ്പോള്‍ പ്രശ്‌നങ്ങളില്ലാതെ ശ്വസിക്കാമെന്നായി.

ശ്വാസതടസം അനുഭവപ്പെടുമ്പോള്‍ താന്‍ ധാരാളം വെള്ളം കുടിക്കാറുണ്ടായിരുന്നെന്നും എന്നാല്‍ ശ്വാസനാളത്തില്‍ വിസില്‍ കുടുങ്ങിയിരുന്ന വിവരം അറിയില്ലായിരുന്നെന്നും യുവതി പറയുന്നു.

×