യൂനിസ് ഖാൻ ഗ്രാന്റ് ഫ്ലവറിന്റെ കഴുത്തിൽ കത്തിവച്ചിച്ചുണ്ടെങ്കിൽ അതിനു കാരണം ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ‘മുഹമ്മദ് അസ്ഹറുദ്ദീൻ’

സ്പോര്‍ട്സ് ഡസ്ക്
Monday, July 6, 2020

ഓസ്ട്രേലിയൻ പര്യടനത്തിനിടെ യൂനിസ് ഖാന്‍ തന്റെ കഴുത്തിൽ കത്തിവച്ച് വിരട്ടിയെന്ന പാക്കിസ്ഥാന്റെ മുൻ ബാറ്റിങ് പരിശീലകൻ ഗ്രാന്റ് ഫ്ലവറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ പാക്ക് താരം റഷീദ് ലത്തീഫ്. യൂനിസ് ഖാൻ ഗ്രാന്റ് ഫ്ലവറിന്റെ കഴുത്തിൽ കത്തിവച്ചിച്ചുണ്ടെങ്കിൽ അതിനു കാരണം ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീനാണെന്ന് ലത്തീഫ് അഭിപ്രായപ്പെട്ടു. ഗ്രാന്റ് ഫ്ലവറിന്റെ വെളിപ്പെടുത്തൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചതിനു പിന്നാലെയാണ് സംഘർഷത്തിന്റെ കാരണം അസ്ഹറുദ്ദീനാണെന്ന റഷീദ് ലത്തീഫിന്റെ വിവരണം.

‘ഡ്രസിങ് റൂമിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കൊന്നും അറിയാൻ പറ്റില്ല. യൂനിസ് ഖാൻ ഗ്രാന്റ് ഫ്ലവറിന്റെ കഴുത്തിൽ കത്തിവച്ച സംഭവത്തിനു കാരണം അസ്ഹറുദ്ദീനായിരിക്കാം’ – യുട്യൂബിലെ ‘കോട്ട് ബിഹൈൻഡ്’ എന്ന ചാറ്റ് ഷോയിൽ റഷീദ് ലത്തീഫ് പറഞ്ഞു.

2016ൽ ഇംഗ്ലണ്ടിലെ ഓവലിൽ യൂനിസ് ഖാൻ ഇരട്ടസെഞ്ചുറി നേടിയിരുന്നു. അന്ന് തന്റെ ബാറ്റിങ് മെച്ചപ്പെടാൻ കാരണം ഇന്ത്യയുടെ മുൻ താരം മുഹമ്മദ് അസ്ഹറുദ്ദീനാണെന്ന് യൂനിസ് ഖാൻ പറഞ്ഞിരുന്നു. ടീമിന്റെ ബാറ്റിങ് കോച്ചായിരുന്ന ഗ്രാന്റ് ഫ്ലവറിന്റെ പേര് പരാമർശിച്ചുമില്ല. യൂനിസ് ഖാനും ഗ്രാന്റ് ഫ്ലവറും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം അതായിരിക്കാമെന്നാണ് ലത്തീഫ് ചൂണ്ടിക്കാട്ടുന്നത്.

‘2016ൽ ഓവലിൽ ഇരട്ടസെഞ്ചുറി നേടിയപ്പോൾ ബാറ്റിങ് പരിശീലകൻ ഗ്രാന്റ് ഫ്ലവറിന്റെ പേര് യൂനിസ് ഖാൻ പരാമർശിച്ചതേയില്ല. പകരം, ഫോം കണ്ടെത്താനാകാതെ ഉഴറിയ സമയത്ത് അസ്ഹറുദ്ദീനുമായി സംസാരിച്ചിരുന്നുവെന്നാണ് പറഞ്ഞത്. ഒരു നേട്ടം കൈവരിക്കുമ്പോൾ അതിന്റെ ക്രെഡിറ്റ് പരിശീലകനു പകരം മറ്റൊരാൾക്കു കൊടുക്കുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. പാക്കിസ്ഥാന്റെ ബാറ്റിങ് പരിശീലകനായി കുറേനാൾ ജോലി ചെയ്ത ഫ്ലവറും തന്റേതായ പങ്കുവഹിച്ചിട്ടുണ്ടാകില്ലേ? ഈ അസ്ഹറുദ്ദീൻ ഘടകമായിരിക്കാം ഇരുവരും തമ്മിലുള്ള പ്രശ്നത്തിനു കാരണം’ – ലത്തീഫ് വിശദീകരിച്ചു.

സിംബാബ്‍വെ ടീമിൽ സഹതാരമായിരുന്ന സഹോദരൻ ആൻഡി ഫ്ലവർ കൂടി പങ്കെടുത്ത ഒരു ലൈവ് ചാറ്റിലാണ് യൂനിസ് ഖാൻ കഴുത്തിനു കത്തിവച്ച സംഭവം ഗ്രാന്റ് ഫ്ലവർ വെളിപ്പെടുത്തിയത്. ഗുരുതരമായ ആരോപണമാണ് ഗ്രാന്റ് ഫ്ലവർ ഉയർത്തിയതെങ്കിലും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും നിലവിൽ പാക്ക് ടീമിന്റെ ബാറ്റിങ് പരിശീലകനായ യൂനിസ് ഖാനും ഇതുവരെ പ്രതികരിച്ചിട്ടില്ല.

യൂനിസ് ഖാൻ‌ ഗ്രാന്റ് ഫ്ലവറിന്റെ കഴുത്തിൽ കത്തിവച്ച സംഭവം ആ സമയത്ത് പാക്ക് ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന മിക്കി ആർതർ സ്ഥിരീകരിച്ചിരുന്നു. ഭക്ഷണ മേശയിൽ ഉപയോഗിക്കുന്ന കത്തിയായിരുന്നു അതെന്ന് പറഞ്ഞ ആർതർ, താനാണ് ഇരുവരെയും പിടിച്ചുമാറ്റി പ്രശ്നം പരിഹരിച്ചതെന്നും വ്യക്തമാക്കിയിരുന്നു.

×