മാസ ശമ്പളം 63 ലക്ഷം രൂപ. വയസ് 57 ! രവി ശാസ്ത്രി ഇന്ത്യൻ ടീം പരിശീലകനായി തുടരും ?

സ്പോര്‍ട്സ് ഡസ്ക്
Wednesday, July 17, 2019

മുംബൈ∙ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീം മോശം പ്രകടനം കാഴ്ചവച്ച പിന്നാലെ ടീം തലപ്പത്ത് മാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലും പരിശീലക സ്ഥാനത്ത് നിലവിലെ പരിശീലകൻ രവി ശാസ്ത്രി തന്നെ തൽസ്ഥാനത്തു തുടരാൻ സാധ്യത.

ശാസ്ത്രി തുടരാനാണ് സാധ്യതയെന്ന് ബിസിസിഐയിലെ മുതിർന്ന അംഗ൦ ഇന്ന് വ്യക്തമാക്കിയിരുന്നു . ‘ഈ ടീമിനു വേണ്ടതെന്താണോ അതു കണ്ടെത്തി നൽകാൻ കഴിഞ്ഞ പരിശീലകനാണ് ശാസ്ത്രി. അദ്ദേഹത്തിനു കീഴിലാണ് ഇന്ത്യൻ ടീം ടെസ്റ്റിൽ ഒന്നാം റാങ്കിലും ഏകദിനത്തിൽ രണ്ടാം റാങ്കിലുമെത്തി നിൽക്കുന്നത്.

ഇടയ്ക്ക് ഏകദിനത്തിലും ഈ ടീം ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഇത്രയും നേട്ടങ്ങൾ കൊയ്ത പരിശീലകനെ ഒരു മൽസരത്തിലെ മോശം പ്രകടനത്തിന്റെ പേരിൽ എങ്ങനെ കുറ്റപ്പെടുത്താനാണ്. ശാസ്ത്രി തുടരാൻ താൽപര്യം കാട്ടിയാൽ പുതിയ പരിശീലകനെ തിരയുമ്പോൾ ഉറപ്പായും അദ്ദേഹത്തിനു കൂടുതൽ പരിഗണന ലഭിക്കും’ – ബിസിസിഐ ഉന്നതൻ വെളിപ്പെടുത്തി.

പുതിയ പരിശീലകനെ തേടി ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) അപേക്ഷ ക്ഷണിച്ചെങ്കിലും, ക്യാപ്റ്റൻ വിരാട് കോലിയുമായും ടീമിലെ ഭൂരിഭാഗം അംഗങ്ങളുമായും രവി ശാസ്ത്രിക്കുള്ള അടുപ്പവും ഇദ്ദേഹത്തിന്റെ പരിശീലന രീതികളോട് ഇവർക്കുള്ള മതിപ്പുമാണ് ശാസ്ത്രി തന്നെ പരിശീലക റോളിൽ തുടരാനുള്ള സാധ്യത കൂട്ടുന്നത്.

2018ലെ കണക്കു പ്രകാരം ശാസ്ത്രിയുടെ മാസ ശമ്പളം ഏകദേശം 63 ലക്ഷം രൂപയാണ്! വർഷം ഏതാണ്ട് ഏഴരക്കോടിയിലേറെ രൂപ ! ഇത്തവണ പുതിയ പരിശീലകനായി അപേക്ഷ ക്ഷണിച്ച് ബിസിസിഐ പുറത്തുവിട്ട അറിയിപ്പിൽ പറയുന്ന നിബന്ധനകളെല്ലാം ശാസ്ത്രിയെ യോഗ്യതാ മാനദണ്ഡത്തിനുള്ളിൽ നിർത്തുന്നതാണ്. പ്രായം 60 വയസ്സിനു താഴെയെന്നതാണ് പ്രധാന നിർദ്ദേശം.

ശാസ്ത്രിക്ക് 57 വയസ്സേയുള്ളൂ. ഏതെങ്കിലും ടെസ്റ്റ് രാജ്യത്തെ 2 വർഷമെങ്കിലും പരിശീലിപ്പിച്ചിരിക്കണം (അല്ലെങ്കിൽ അസോഷ്യേറ്റ് അംഗം, എ ടീം, ഐപിഎ‍ൽ ടീം എന്നിവയിൽ 3 വർഷത്തെ പരിചയം), 30 ടെസ്റ്റ് അല്ലെങ്കിൽ 50 ഏകദിനങ്ങളിൽ കളിച്ചിട്ടുണ്ടാകണം തുടങ്ങിയ നിബന്ധനകളൊന്നും ശാസ്ത്രിക്കു വെല്ലുവിളിയല്ല.

കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ടീം ഫിസിയോ തെറപ്പിസ്റ്റിന്റെ ഒഴിവിലേക്കു പുതിയ ആൾ വരും. മുൻ ഇന്ത്യൻ താരം കപിൽ ദേവ് നേതൃത്വം നൽകുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാകും പരിശീലകരുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

×