10 രൂപ നാണയങ്ങളുടെ സ്വീകാര്യത ഉറപ്പാക്കാനുള്ള വഴികള്‍ തേടാന്‍ ബാങ്കുകളോട് നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക്‌; 100 രൂപയുടെ പഴയ കറന്‍സി നോട്ടുകളുടെ കാലാവധി മെയ് മാസത്തില്‍ അവസാനിക്കുന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 22, 2021

ഡല്‍ഹി: 10 രൂപ നാണയങ്ങളുടെ സ്വീകാര്യത ഉറപ്പാക്കാനുള്ള വഴികള്‍ തേടാന്‍ ബാങ്കുകളോട് നിര്‍ദേശിച്ച് റിസര്‍വ്വ് ബാങ്ക്. പുറത്തിറക്കി 5 വര്‍ഷം കഴിഞ്ഞിട്ടും 10 രൂപ നാണയത്തിന് പ്രതീക്ഷിച്ച സ്വീകാര്യത നേടാന്‍ കഴിഞ്ഞിട്ടില്ല. ഇത് ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്കിനും തലവേദനയായിരിക്കുകയാണ്.

ബാങ്കുകളില്‍ 10 രൂപ നാണയങ്ങളുടെ ചെറിയ കൂമ്പാരം തന്നെയുണ്ടെന്നതാണ് വസ്തുതയെന്ന് വ്യാഴാഴ്ച്ച മംഗളൂരുവില്‍ നടന്ന ജില്ലാതല കറന്‍സി മാനേജ്‌മെന്റ് യോഗത്തില്‍ ആര്‍ബിഐ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബി മഹേഷ് പറയുന്നു.

സംസ്ഥാനത്തൊട്ടാകെയുള്ള ബാങ്കുകളില്‍ 10 രൂപ നാണയങ്ങളുടെ ശേഖരം അത്തരത്തിലുള്ളതാണ്. ഏതാനും ബാങ്കുകള്‍ ആകട്ടെ ഉപഭോക്താക്കളില്‍ നിന്ന് നാണയം സ്വീകരിക്കുന്നത് നിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നാണയത്തെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികളെ ഇല്ലാതാക്കാന്‍ പരസ്യങ്ങളും പ്രോമോഷന്‍ കാമ്പയ്‌നുകളും നടത്തുന്നത് പോലെ നിയമപരമായ ടെന്‍ഡര്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് നൂതന മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹം ബാങ്കുകളെ ഉപദേശിച്ചു. നാണയങ്ങള്‍ വ്യാജമല്ലെന്ന് ജനങ്ങളെ ബോധവത്ക്കരിക്കേണ്ടതുണ്ട്.

അതെസമയം, 100 രൂപയുടെ പഴയ കറന്‍സി നോട്ടുകള്‍ മെയ് മാസം മുതല്‍ പ്രചാരത്തിലുണ്ടാവുകയില്ലെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച്, ഏപ്രില്‍ മാസത്തിനുള്ളില്‍ നോട്ട് പിന്‍വലിക്കാനാണ് റിസര്‍വ് ബാങ്ക് തീരുമാനം.

×