റെഡ് ക്രെസെന്റ് ഇടപാട് ലംഘനങ്ങളുടെ ഘോഷയാത്രയാണെന്ന് കുമ്മനം രാജശേഖരൻ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, September 27, 2020

കൊച്ചി : റെഡ് ക്രെസെന്റ് ഇടപാട് ലംഘനങ്ങളുടെ ഘോഷയാത്രയാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.

അന്തർദേശീയ ചട്ടങ്ങളും ജനീവ തീരുമാനങ്ങളും ലംഘിച്ചാണ് ദുബായ് റെഡ് ക്രസന്റും കേരള സർക്കാരും 20 കോടി രൂപ ലൈഫ് മിഷന് നൽകിയത്.

150 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന റെഡ് ക്രസെന്റുകളുടെയും റെഡ് ക്രോസ് സൊസൈറ്റികളുടേയും അന്തർദേശീയ സംഘടനനയാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസ് ആൻഡ് റെഡ് ക്രസന്റ് സൊസൈറ്റിസ്. ഈ സംഘടനനയുടെ അറിവോ സമ്മതമോ ഇല്ലാതെ റെഡ് ക്രസന്റിന് മറ്റൊരു രാജ്യത്തേക്ക് മറ്റേതെങ്കിലും ഏജൻസിക്കോ സർക്കാരിനോ സംഭാവന നൽകാനാവില്ല. സംഭാവന നൽകണമെങ്കിൽ ആ രാജ്യത്തെ റെഡ് ക്രോസ് സൊസൈറ്റിക്കേ കൊടുക്കാനാവു. ഇത് 150 രാജ്യങ്ങളിലെ റെഡ് ക്രോസ് – റെഡ് ക്രസന്റ് സംഘടനകൾ തമ്മിലുണ്ടാക്കിയിട്ടുള്ള കരാറാണ്.

പ്രളയാനന്തര ദുരിതാശ്വാസ സഹായമായി കേരളത്തിൽ ഖത്തർ റെഡ് ക്രസന്റ് 40 കോടി രൂപാ നൽകാൻ കേരളത്തിലെ റെഡ് ക്രോസ് സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്.

ഇടുക്കിയിലും വയനാട്ടിലും 500 വീടുകൾ പണിയുന്നതിനുള്ള പ്രൊജക്റ്റ് തയ്യാറായി. പക്ഷേ സ്ഥലം അനുവദിച്ചില്ല. കുവൈറ്റ് റെഡ് ക്രസന്റും കനേഡിയൻ റെഡ് ക്രോസും കേരളത്തിൽ പ്രളയാനന്തര ദുരിതാശ്വാസ പ്രൊജെക്ടുകൾ പൂർത്തിയാക്കി. ഈ പ്രൊജെക്ടുകൾക്കെല്ലാം കേരളത്തിലെ റെഡ് ക്രോസ് സൊസൈറ്റിയുമായിട്ടാണ് സംയുക്ത ധാരണാപത്രം ഒപ്പിട്ടതും പണം നൽകിയതും.

ദുബായ് റെഡ് ക്രസന്റ് ഈ കീഴ്‌വഴക്കങ്ങളും ധാരണയും ലംഘിച്ച് കേരള സർക്കാരും റെഡ് ക്രസന്റും തമ്മിൽ ധാരണയുണ്ടാക്കി.എഫ് സി ആർ ആക്ട് അനുസരിച്ചുള്ള നിബന്ധനകളും കേരള സർക്കാർ കാറ്റിൽ പറത്തി.നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് ലൈഫ് മിഷൻ പദ്ധതിയിലുള്ളതെന്ന് അദ്ദേഹം കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

×