വിതുമ്പിക്കരയുന്ന കുടിയേറ്റക്കാരനായ കറുത്ത വർഗ്ഗക്കാരനെ വാരിപ്പുണർന്ന് ആശ്വസിപ്പിച്ച് റെഡ് ക്രോസ് പ്രവർത്തക; പ്രശംസയ്‌ക്കൊപ്പം ലൈംഗിക ചുവയുള്ള പ്രതികരണങ്ങളുമായി വിദ്വേഷ പോസ്റ്റുകള്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Monday, May 24, 2021

നൂറുകണക്കിന് ആഫ്രിക്കൻ കുടിയേറ്റക്കാരാണ് സ്‌പെയിൻ തീരത്ത് ദിനംപ്രതി എത്തിച്ചേരുന്നത്. സ്‌പെയിനിനും മൊറോക്കോയ്ക്കും ഇടയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടാണ് കുടിയേറ്റ പ്രശ്‌നം ഉയരുന്നത്.

സ്‌പെയിനിന്റെ തീരത്തെത്തിയ ആഫ്രിക്കൻ വംശജനായ കുടിയേറ്റക്കാരനെ വാരിപ്പുണർന്ന് ആശ്വസിപ്പിക്കുന്ന റെഡ് ക്രോസ് പ്രവർത്തകയുടെ ചിത്രമാണ് വൈറലാകുന്നത്.  സ്‌പെയിനിന്റെ സിയുറ്റി തീരത്തെത്തിയ സെനഗലിൽ നിന്നുള്ള കുടിയേറ്റക്കാരനെയാണ് റെഡ് ക്രോസ് പ്രവർത്തകയായ ലൂണ റെയ്‌സ് വാരിപ്പുണർന്ന് ആശ്വസിപ്പിക്കുന്നത്.

എന്നാൽ വംശീയ വിദ്വേഷ പോസ്റ്റുകൾക്കും ലൈംഗികചുവയുള്ള അപഹസിക്കലിനുമാണ് വിതുമ്പിക്കരയുന്ന കുടിയേറ്റക്കാരനെ ആശ്വസിപ്പിച്ച ലൂണ റെയ്‌സ് വിധേയയാകുന്നത്.

സംഭവം നടന്ന് മണിക്കൂറുകൾക്കകം ഈ ദൃശ്യം വൈറലാവുകയായിരുന്നു. എന്നാൽ പിന്നീട് പ്രശംസയ്‌ക്കൊപ്പം വിദ്വേഷ, ലൈംഗിക ചുവയുള്ള പ്രതികരണങ്ങൾ കൂട്ടത്തോടെ ലൂണ റെയ്‌സിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിറയുകയായിരുന്നു.

വിതുമ്പിക്കരയുന്ന കുടിയേറ്റക്കാരനെ ആശ്വാസ വാക്കുകളോടൊപ്പം വാരിപ്പുണർന്ന് ആശ്വസിപ്പിക്കുകയായിരുന്നു പെൺകുട്ടിയെന്ന് സംഭവത്തിന് സക്ഷിയായ അസോസിയേറ്റ് ഫ്രീ പ്രസ്സിലെ ഫോട്ടോജേർണലിസ്റ്റ് ബർനേറ്റ് ആർമേഗ്വാ പറഞ്ഞു.

എന്നാൽ ലൂണ റെയ്‌സിന് ആഗോളതലത്തിൽ പിന്തുണ ഏറുകയാണ്. ലൂണ റെയ്‌സ് നമ്മുടെ സമൂഹത്തിന്റെ ഏറ്റവും നല്ല പ്രതിനിധിയാണെന്ന് സ്പാനിഷ് സാമ്പത്തിക മന്ത്രി നാദിയ കാൾവിനോ ലൂണയെ പ്രശംസിച്ചുകൊണ്ട് പറഞ്ഞു.

×