ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്; ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാൽ അതിൽ അശ്ലീലം കാണുന്നവർ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണ്; മക്കൾ നെഞ്ചിൽ ചിത്രം വരച്ചതിന്റെ പേരിൽ ഇപ്പോൾ കേസും കോലാഹലവുമായി വരുന്നത് വർഗീയ കോമരങ്ങളെന്ന് രഹ്ന ഫാത്തിമ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, June 26, 2020

തിരുവനന്തപുരം: നഗ്നമേനിയില്‍ മക്കള്‍ ചിത്രം വരച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി രഹ്ന ഫാത്തിമ രംഗത്ത്. സംഭവത്തില്‍ തിരുവല്ല പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് മുന്നില്‍ കണ്ട് രഹ്ന മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. നെഞ്ചിൽ മക്കൾ ചിത്രം വരച്ചതിന്റെ പേരിൽ ഇപ്പോൾ കേസും കോലാഹലവുമായി വരുന്നത് വർഗീയ കോമരങ്ങളെന്ന് രഹ്ന പ്രതികരിച്ചു.

‘എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്നം. മക്കൾ വരച്ചപ്പോൾ മാത്രമല്ല, ജെസ്‍ല മാടശേരി തന്റെ ശരീരത്ത് ബോഡി ആർട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയർന്നിരുന്നു. ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്.

സംശയമുള്ളവർക്ക് അന്നത്തെ വിഡിയോ എടുത്തു നോക്കിയാൽ അതിന്റെ കമന്റുകൾ കാണാം. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാൽ അതിൽ അശ്ലീലം കാണുന്നവർ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണ്.’ – രഹ്ന നിലപാട് വ്യക്തമാക്കുന്നു.

ഒരു വിഭാഗം ആളുകൾ എന്റെ വിഡിയോകൾ കാണുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം പ്രതീക്ഷിച്ചിരുന്നു. അമ്മയുടെ ശരീരത്തിൽ മകൻ ചിത്രം വരച്ചാൽ അതിൽ എന്ത് ലൈംഗികതയാണ് നിയമത്തിനു കാണാനാകുക എന്നറിയില്ല. ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതു പോലെ ശരീരമാണ് എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണം.

അതു തുടക്കം മുതൽ പറയുന്നതാണ്. ഇനിയും പറയും. സ്ത്രീയുടെ ശരീരത്തെ വെറും ലൈംഗികതയ്ക്കുവേണ്ടി മാത്രമുള്ള ഉപകരണമായി കാണുന്നവരോടുള്ള എന്റെ പ്രതികരണമാണ് ശരീരത്തിലൂടെ പറയുന്നത്. ഒരു വിഡിയോയിലൂടെ ആകാശം ഇടിഞ്ഞു വീണെന്നു കരുതുന്നവരെ നിയമപരമായിത്തന്നെ നേരിടാനാണ് തീരുമാനം. ആരെയും ഭയന്ന് നിലപാടുകളിൽനിന്ന് പിന്നാക്കം പോകാനില്ല.-രഹ്ന പറഞ്ഞു

×