/sathyam/media/post_attachments/bAOChqwyciE2Jy6j005V.jpg)
കോട്ടയം: കോവിഡ് രണ്ടാം തരംഗം ജില്ലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതിനിടെ ആശങ്ക പരത്തി മതപരമായ ചടങ്ങുകള്‍. വേനലധിക്കാലത്ത് എല്ലാ വര്‍ഷവും നടത്തി വരുന്ന ആദ്യ കുര്‍ബാന സ്വീകരണമടക്കമുള്ള മതപരമായ ചടങ്ങുകള്‍ നടത്തുന്നതിലാണ് ആശങ്കയും അനിശ്ചിതത്വവും ഉണ്ടായിട്ടുള്ളത്. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളാണ് ആദ്യ കുര്‍ബാന സ്വീകരണത്തില്‍ പങ്കെടുക്കുന്നത് എന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്.
നിലവില്‍ ദുരന്തനിവാരണ അതോരിറ്റി നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് അനുസരിച്ച് 15 വയസില്‍ താഴെയുള്ള കുട്ടികളെ ഒരുതരത്തിലുള്ള ആഘോഷത്തിലും പങ്കെടുപ്പിക്കരുതെന്നാണ് വ്യവസ്ഥ. ഇതോടെയാണ് മതപരമായ ചടങ്ങുകളും പ്രതിസന്ധിയിലാകുന്നത്. പാലാ രൂപതയിലെ ഭൂരിഭാഗം ദേവാലയങ്ങളിലും അടുത്ത രണ്ടാഴ്ചയായിട്ടാണ് ആദ്യ കുര്‍ബാന ചടങ്ങുകള്‍ നിശ്ചയിച്ചിട്ടുള്ളത്.
ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികളെല്ലാം തന്നെ 10 വയസില്‍ താഴെയുള്ളവരാണ്. ഇവരുടെ മാതാപിതാക്കളും സഹോദരങ്ങളുമടക്കം പള്ളികളില്‍ ഈ ചടങ്ങില്‍ പങ്കെടുക്കാനെത്തും. കുറഞ്ഞത് 10 കുട്ടികള്‍ ആദ്യ കുര്‍ബാന സ്വീകരിക്കുന്ന പള്ളിയില്‍ പോലും ചടങ്ങില്‍ 100ലധികം പേര്‍ എത്തും.
ചില പള്ളികളിലാകട്ടെ നൂറും അമ്പതും കുട്ടികള്‍ വരെ ആദ്യ കുര്‍ബാന സ്വീകരണത്തിന് ഉണ്ടാകും. ഇതു വലിയ ആള്‍ക്കൂട്ടത്തിന് തന്നെയാകും സാഹചര്യമൊരുക്കുക. ആഘോഷ ചടങ്ങായതിനാല്‍ ഏതെങ്കിലും തരത്തിലുള്ള രോഗ വ്യാപനം ഉണ്ടായാല്‍ ഗുരുതരമായ സ്ഥിതിയാകും ഉണ്ടാകുക.
പള്ളിയിലെ ആഘോഷത്തിനു പുറമെ മിക്ക വീടുകളിലും ഇത്തരം ചടങ്ങുകള്‍ വലിയ ആഘോഷമാക്കാറുണ്ട്. വിശ്വാസികളെ സംബന്ധിച്ചു മാമോദീസ കഴിഞ്ഞാല്‍ കൂദാശ സ്വീകരണങ്ങളില്‍ ഏറ്റവും പ്രധാനമാണ് ആദ്യ കൂര്‍ബ്ബാന. അത് വിവാഹം പോലെതന്നെ വലിയ ആഘോഷമായാണ് പലരും കൊണ്ടാടാറുള്ളത്.
ബന്ധുക്കളുടെയും കൂട്ടുകാരുടെയും ഒത്തുചേരലും സമ്മാനങ്ങളും യാത്രകളുമൊക്കെയായി ഇത് ആഘോഷമായി മാറാറുണ്ട്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ ഈ കാലത്ത് വീടുകളിലും മറ്റും ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് വലിയ ആശങ്ക പരത്തുന്നുണ്ട്.