കൊറോണ വൈറസിനെ തുരത്താന്‍ റെംഡെസിവിര്‍ ? മരുന്ന് ഉപയോഗിച്ച കൊവിഡ് രോഗികളില്‍ രോഗമുക്തിയുടെ തോത് കൂടുതല്‍; വീണ്ടും പ്രതീക്ഷകള്‍...

New Update

publive-image

ന്യുയോര്‍ക്ക്: റെംഡെസിവിര്‍ മരുന്ന് കൊറോണ വൈറസിനെതിരെ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്ന കണ്ടെത്തല്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിക്കുന്നു.

Advertisment

വിവിധ രോഗികളില്‍ ഇത് സംബന്ധിച്ച് പരീക്ഷണം നടത്തിയിരുന്നു.യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസസിന്റെ (എന്‍ഐഎഐഡി) നേതൃത്വത്തില്‍ നടന്ന പരീക്ഷണത്തില്‍ 1063 പേരാണ് പങ്കെടുത്തത്.

ചില രോഗികള്‍ക്ക് റെംഡെസിവിര്‍ മരുന്ന് നല്‍കിയും മറ്റു ചില രോഗികള്‍ക്ക് നല്‍കാതെയുമാണ് പരീക്ഷണം നടന്നത്.

ഈ മരുന്ന് ഉപയോഗിച്ചവരില്‍ രോഗമുക്തി നേടിയവരുടെ തോത് കൂടുതലാണെന്ന് എന്‍ഐഎഐഡി തലവന്‍ ഡോ. ആന്റണി ഫൗസി പറഞ്ഞു. ഇപ്പോള്‍ രോഗികളെ ഫലപ്രദമായി ചികിത്സിക്കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റെംഡെസിവിര്‍ ഉപയോഗിച്ചവരില്‍ മരണനിരക്ക് 8 ശതമാനവും മറ്റുള്ളവരില്‍ മരണനിരക്ക് 11.6 ശതമാനവുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ഗുരുതരാവസ്ഥയിലുള്ളവര്‍ക്കും പ്രായമായവര്‍ക്കും മരുന്ന് ഫലപ്രദമാണോ, മറ്റു രോഗങ്ങളുള്ള കൊവിഡ് ബാധിതരില്‍ ഇത് ഉപയോഗിക്കാനാകുമോ തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമല്ല.

ഇത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകേണ്ടതുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരും പറയുന്നത്.

''റെംഡെസിവിര്‍ ഉപയോഗിച്ച് നടത്തിയ മുഴുവന്‍ പരീക്ഷണഫലങ്ങളും അറിയണം. പരീക്ഷണം വിജയകരമാണെങ്കില്‍ കൊവിഡ് 19നെതിരായ പോരാട്ടത്തിലെ നിര്‍ണായക വഴിത്തിരിവാകും ഇത്'', ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ പീറ്റര്‍ ഹോര്‍ബി പറഞ്ഞു.

എബോള ചികിത്സയ്ക്ക് വേണ്ടിയാണ് അമേരിക്കന്‍ കമ്പനി ഗിലിയഡ് സയന്‍സസ് റെംഡെസിവിര്‍ ആദ്യം വികസിപ്പിച്ചെടുത്തിരുന്നത്.

ഇതിനു മുമ്പ് കൊവിഡിന് ഔഷധമാകാനുള്ള മത്സരത്തില്‍ റെംഡെസിവിര്‍ പരാജയപ്പെട്ടിരുന്നു. ഇത് ഫലപ്രദമല്ലെന്ന് വ്യക്തമാക്കി ചൈന നേരത്തെ രംഗത്തെത്തിയിരുന്നു.

Advertisment