യു.ഡി.എഫിലെ ഘടകകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ല;  നേമത്തും മഞ്ചേശ്വരത്തും ബി.ജെ.പിയെ പരാജയപ്പെടുത്താൻ സി.പി.എമ്മുമായി നീക്കുപോക്കിന് തയാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രൻെറ പ്രസ്താവന തള്ളി രമേശ് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, April 5, 2021

തിരുവനന്തപുരം: നേമത്തും മഞ്ചേശ്വരത്തും ബി.ജെ.പിയെ പരാജയപ്പെടുത്താൻ സി.പി.എമ്മുമായി നീക്കുപോക്കിന് തയാറാണെന്ന കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻെറ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.

യു.ഡി.എഫിലെ ഘടകകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുല്ലപ്പള്ളി ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞത് എന്നറിയില്ല. യു.ഡി.എഫ് മഞ്ചേശ്വരത്തും നേമത്തും ജയിക്കുമെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യു.ഡി.എഫിന് ഘടകകക്ഷികളുമായിട്ടല്ലാതെ ഒരു സഖ്യവുമില്ല. സഖ്യമുണ്ടാക്കിയിരിക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ്. തുടർഭരണത്തിന് വേണ്ടി ബി.ജെ.പിയുമായി കൈകോർക്കുന്ന സി.പി.എം നിലപാട് ഈ തിരഞ്ഞെടുപ്പിൻെറ എല്ലാ ഘട്ടത്തിലും കാണാൻ കഴിഞ്ഞിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

നേരത്തെ, ബി.ജെ.പിയെ തോൽപിക്കാൻ യു.ഡി.എഫിന് കഴിവുണ്ടെന്നും അതിന് അരുടെയും പിന്തുണ വേണ്ടെന്നും വ്യക്തമാക്കി ഉമ്മൻ ചാണ്ടിയും മുല്ലപ്പളളിയുടെ പ്രസ്താവന തള്ളിയിരുന്നു.

×