ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു, പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയര്‍ന്നിരിക്കുന്നു; യുഡിഎഫ് തിരിച്ചു വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു; രമേശ് ചെന്നിത്തല 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 6, 2021

മണ്ണാറശാല : നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം നേടുമെന്ന് ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും യുഡിഎഫ് പരിപാടികളിലുണ്ടായ ജന സാന്നിധ്യം ഇതിന് തെളിവാണെന്നും ചെന്നിത്തല പറഞ്ഞു. മണ്ണാറശാല യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രതിപക്ഷത്തിന്റെ സ്വീകാര്യത വാനോളം ഉയര്‍ന്നിരിക്കുന്നു എന്നതാണ് വസ്തുത. ഈ അഴിമതി ഭരണം അവസാനിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. രണ്ട് പ്രളയമുണ്ടായി. നിപ്പയുണ്ടായി ഓഖിയുണ്ടായി.

ഇപ്പോള്‍ കൊവിഡ് കാലഘട്ടവും. ഗവണ്‍മെന്റിന്റെ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും നിഷ്ഫലമായി എന്നതാണ് ഇവിടെ കാണാന്‍ കഴിയുന്നത്. സര്‍ക്കാര്‍ ഈ രംഗത്തെല്ലാം പൂര്‍ണപരാജയമായിരുന്നു.

രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിലെത്തിലെപ്പിയപ്പോഴുണ്ടായ വമ്പിച്ച ജനമുന്നേറ്റം, ഞാന്‍ നേതൃത്വം കൊടുത്ത ഐശ്വര്യ കേരളയാത്രയില്‍ ഉണ്ടായ അഭൂതപൂര്‍വമായ ജനക്കൂട്ടം, യുഡിഎഫ് നേതാക്കള്‍ പ്രകടനത്തിനു പോയപ്പോഴുണ്ടായ ജനസാന്നിധ്യം ഇവയെല്ലാം യുഡിഎഫ് നേതൃത്വത്തില്‍ ഗവണ്‍മെന്റ് വരും എന്നാണ് സൂചിപ്പിക്കുന്നത്. യുഡിഎഫ് തിരിച്ചു വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു,’ രമേശ് ചെന്നിത്തല പറഞ്ഞു.

×