‘നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് പൊറുക്കില്ല’; കെ ടി ജലീലിനെ സംരക്ഷിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല: രമേശ് ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, April 12, 2021

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍  കുറ്റക്കാരനാണെന്ന് ലോകായുക്ത കണ്ടെത്തിയ കെ ടി ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതം, അഴിമതി നിരോധനം എന്നിവയ്ക്ക് വേണ്ടിയാണ് ലോകയുക്തയുള്ളത്.

ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ നിയമം കൊണ്ടുവന്നത്. നായനാരുടെ ആത്മാവ് പോലും പിണറായി വിജയനോട് ക്ഷമിക്കില്ല. കാരണം നായനാര്‍ കൊണ്ടുവന്ന ഒരു നിയമത്തില്‍ ആദ്യമായാണ് ഒരു മന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇത്രയും ഗുരുതര അഴിമതി നടന്നിട്ട് ആ മന്ത്രിയെ പുറത്താക്കണം എന്ന് ലോകായുക്ത പറയുമ്പോള്‍ മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുകയാണ്.- ചെന്നിത്തല പറഞ്ഞു.

ലോകായുക്ത വിധിക്ക് എതിരെ അപ്പീല്‍ പോകാന്‍ കഴിയില്ല. സാങ്കേതിമായി വേണമെങ്കില്‍ ഹൈക്കോടതിയില്‍ പോകാമെന്നെയുള്ളു. മാസങ്ങളോളം അഭിപ്രായങ്ങളും വാദമുഖങ്ങളും പരിശോധിച്ച ശേഷമാണ് ലോകായുക്ത കെ ടി ജലീല്‍ എന്ന മന്ത്രി സ്വജനപക്ഷപാതം കാണിച്ചെന്നും പുറത്താക്കണമെന്നും വിധി പുറപ്പെടുവിച്ചിട്ടുള്ളത്. എന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്നതില്‍ എന്ത് ധാര്‍മികതയാണ് എന്ന് മനസ്സിലാകുന്നില്ല. മുഖ്യമന്ത്രി എന്തുകൊണ്ട് മൗനം പാലിക്കുന്നെന്ന് മനസ്സിലാകുന്നില്ല.

ഏത് അഴിമതിക്കാരനെയും സംരക്ഷിക്കുന്നയാളാണ് കേരളത്തിലെ മുഖ്യമന്ത്രി. ലാവലിന് കേസിലെ ആറാമത്തെ പ്രതിയാണ് പിണറായി. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ലാവലിനാണ്. അതിലെ പ്രതിയായ പിണറായി വിജയന്‍ അഴിമതിക്കെതിരെ നടപടിയെടുക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. നാണമില്ലാത്ത ഭരണാധികാരിയാണ് കേരളം ഭരിക്കുന്നത്.- അദ്ദേഹം പറഞ്ഞു.

×