ജലീൽ രാജിവെച്ചത് ധാർമികതയുടെ പേരിലല്ല; നിൽക്കക്കള്ളിയില്ലാതെ രാജിവെക്കുകയായിരുന്നു; ധാർമികത പ്രസംഗിക്കാൻ സിപിഎമ്മിന് ഒരു അധികാരവുമില്ലെന്നു ചെന്നിത്തല  

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, April 13, 2021

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീൽ രാജിവെച്ചത് ധാർമികതയുടെ പേരില്ലെന്നും നിൽക്കക്കള്ളിയില്ലാതെ രാജവെക്കുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  മറ്റ് ഒരു മാർഗവുമില്ലാതെ വന്നപ്പോഴാണ് രാജിവച്ച് ഒഴിഞ്ഞത്. ധാർമികത പ്രസംഗിക്കാൻ സിപിഎമ്മിന് ഒരു അധികാരവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.

എന്തുകൊണ്ട് രാജി വെയ്ക്കുന്നില്ല എന്ന ചോദ്യം എല്ലായിടത്തുനിന്നും ഉയർന്നു. അതിന് പ്രതിപക്ഷത്തെയോ മാധ്യമങ്ങളെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജലീലിനെ തുടക്കം മുതൽ സി.പി.ഐ.എം രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നെന്നും ചെന്നിത്തല വിമർശിച്ചു. പൊതുജന അഭിപ്രായം സർക്കാരിന് എതിരാണ്. ഈ സർക്കാർ നിയോഗിച്ച ലോകായുക്തയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിചേർത്തു.

ബന്ധു നിയമന വിവാദത്തിൽ കെ.ടി ജലീൽ കുറ്റക്കാരനെന്നും മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്തയുടെ വിധി വന്നതിന്റെ പശ്ചാത്തലത്തിലാണ് ജലീലിന്റെ രാജി.

×