തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ. ഇ എം സി സി കമ്പനിക്ക് അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും മറിച്ചാണെന്ന് തെളിയിക്കാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു എന്നും മന്ത്രി പറഞ്ഞു.
ഇ എം സി സി യുടെ വിശ്വാസ്യത സംബന്ധിച്ച ഫയലും കേന്ദ്രത്തിൽ നിന്നുള്ള റിപ്പോർട്ട് അടങ്ങിയ ഫയലും ആണ് തനിക്കു മുന്നിലെത്തിയത്. ഈ ഫയലുകൾ പരിശോധിക്കുന്നതിൽ എന്താണ് തെറ്റെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.
ഇ എം സി സി കമ്പനി പ്രതിനിധികളെ അമേരിക്കയിൽ കണ്ടിട്ടില്ലെന്ന് മേഴ്സിക്കുട്ടിയമ്മ ആവർത്തിച്ചു. ആരോപണം തെളിയിക്കാനായില്ലെങ്കിൽ പ്രതിപക്ഷ നേതാവ് ഈ പണി അവസാനിപ്പിക്കണം. ആഴക്കടൽ മത്സ്യബന്ധന വിവാദം തീരമേഖലയിൽ സ്വാധീനം ഉണ്ടാക്കില്ല.
സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ തീരവാസികൾക്ക് നേരനുഭവമുണ്ട്. പ്രശാന്ത് ഐഎഎസിനെതിരെ നടപടി എന്തുകൊണ്ട് ഇല്ല എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. അന്വേഷണം കഴിയട്ടെ. താൻ വീണ്ടും മൽസരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.