എനിക്കെതിരെ കോടിയേരി ആരോപണം ഉന്നയിക്കുമ്പോള്‍ വിനോദിനി ഐ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു : ചെന്നിത്തല

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, March 6, 2021

തിരുവനന്തപുരം : ഐ ഫോണ്‍ വിവാദത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെ കോടിയേരി ഐ ഫോണ്‍ ആരോപണം ഉന്നയിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു എന്നും ചെന്നിത്തല പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്‍ ഇന്നെങ്കിലും വിളിച്ച് മാപ്പുപറയുമെന്നാണ് കരുതുന്നത്. തനിക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ ചാനലുകളില്‍ എത്രദിവസം ചര്‍ച്ച നടന്നു. സന്തോഷ് ഈപ്പന്‍ കൊടുത്ത ഫോണ്‍ പ്രതിപക്ഷ നേതാവ് എവിടെ കൊണ്ടു വെച്ചിരിക്കുന്നു എന്ന തരത്തിലായിരുന്നു പ്രചാരണം.

ആ പ്രചാരണത്തിനും ചര്‍ച്ചകള്‍ക്കും സിപിഎം നേതൃത്വം ഇപ്പോള്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലെ മുഖ്യമന്ത്രി സ്വര്‍ണക്കടത്തിന് കൂട്ടുനില്‍ക്കുന്നു. ചരിത്രത്തില്‍ ആദ്യമായിട്ടല്ലേ ഒരു മുഖ്യമന്ത്രിയുടെ പേരില്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത്.

എന്നിട്ടും മാധ്യമങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരുടെയും സ്പീക്കറുടേയും പേരില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയപ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ മാധ്യമങ്ങള്‍ മൗനം പാലിച്ചെന്നും ചെന്നിത്തല ആരോപിച്ചു.

×